ഐഷ തിരോധാനകേസിൽ സെബാസ്റ്റ്യനുമായി അടുത്ത ബന്ധമുണ്ടായിരുന്ന അയൽവാസി റോസമ്മയെ ചോദ്യം ചെയ്യണമെന്ന് ഐഷയുടെ കുടുംബം. കാണാതായതിന് ശേഷം ഐഷയുടെ വീടിന് സമീപത്തെ സ്ഥലം സെബാസ്റ്റ്യനും റോസമ്മയും ജെസിബിയുമായെത്തി വൃത്തിയാക്കിയെന്നും ഐഷയുടെ സഹോദരന്റെ മകൻ ഹുസൈൻ മനോരമ ന്യൂസിനോട്. ആദ്യഘട്ടത്തിൽ സെബാസ്റ്റ്യന്റെ പണത്തിന്റെ സ്വാധീനത്താൽ അന്വേഷണം തടസപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയാണ് പതിമൂന്ന് വർഷം മുൻപ് കാണാതായ ഐഷയിലേക്ക് നയിക്കുന്നത്. അസ്ഥികളുടെ കൂട്ടത്തിൽ പല്ലിലിടുന്ന ക്ലിപ്പിന്റെ ഭാഗങ്ങൾ കണ്ടെത്തി. കാണാതായ സ്ത്രീക്കളിൽ വെപ്പ് പുല്ലും ക്ലിപ്പും ഇട്ടിരുന്ന ഏക ആൾ ഐഷയാണ്. അയൽവാസിയായ റോസമ്മ വഴിയാണ് സെബാസ്റ്റ്യനെ ഐഷ പരിചയപ്പെട്ടതെന്നും ഐഷയെ കാണാതായത് ആദ്യം കുടുംബത്തെ അറിയിക്കുന്നതും റോസമ്മയാണ്.
ഐഷ വാങ്ങിയ മൂന്ന് സെന്റിന്റെ രജിസ്ട്രേഷന് മൂന്ന് ദിവസം മുൻപായിരുന്നു തിരോധാനം. ഇതിന് ശേഷം റോസമ്മയും സെബാസ്റ്റ്യനും ചേർന്ന വീടിന് സമീപത്തെ ഭൂമി വൃത്തിയാക്കിയതും സംശയം ബലപ്പെടുതുന്നു. പണമൊഴുക്കി സെബാസ്റ്റ്യൻ ആദ്യഘട്ടത്തിൽ അന്വേഷണം അട്ടിമറിച്ചതായും ആരോപണം. 2012 മെയ 13 ന് ബാങ്കിലേക്ക് പോയ ഐഷ പിന്നെ മടങ്ങി എത്തിയിട്ടില്ല. മറ്റ് കേസുകളിലെന്ന പോലെ സെബാസ്റ്റ്യന്റെ സാന്നിധ്യം തന്നെയാണ് ദുരൂഹത വർധിപ്പിക്കുന്നത്.