നാട്ടുകാർ നോക്കിനിൽക്കേ ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡില്‍ ഒരു  യുവാവിനെ കുത്തുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് നാട്ടുകാര്‍ കണ്ടത്. മനോരമ ന്യൂസാണ് ഈ വാർത്തയും ദൃശ്യവും ആദ്യം നൽകിയത്. പിന്നാലെ സമൂഹമാധ്യമങ്ങളിലും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.  സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനമുന്നയിക്കാനും  ചിലർ അവസരമായി ഇതിനെ എടുത്തുപയോഗിച്ചു.

സഹോദരിയെ പീഡിപ്പിച്ചതിന് സഹോദരന്റെ പ്രതികാരം, കാമുകിയ്ക്കു വേണ്ടി കാമുകൻമാരുടെ പോരാട്ടം കത്തിക്കുത്തിൽ കലാശിച്ചു എന്നൊക്കെ ആയിരുന്നു പ്രചാരണം. സംഭവം നടന്നത് ആലപ്പുഴ നഗരത്തിൽ ആണെങ്കിലും കുത്തിയവരും കുത്തുകൊണ്ടയാളും  ആലപ്പുഴക്കാരല്ല. കണ്ണൂർ താഴെ ചൊവ്വ സ്വദേശി റിയാസിനാണ് ശരീരത്തിൽ ഏഴു കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് റിയാസ്. തിരുവനന്തപുരം കല്ലയം സ്വദേശി സിബി, വഞ്ചിയൂർ സ്വദേശി വിഷ്ണു ലാൽ എന്നിവരാണ് റിയാസിനെ കുത്തിയതിന് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഒരു പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിന് പ്രാഥമികമായി പറയാം. 

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്

12 വയസുള്ള സഹോദരിയെ പീഡിപ്പിച്ചവനെ സഹോദരൻ നടുറോഡിൽ കുത്തി. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം യുവാവിന് കുത്തേറ്റതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഇങ്ങനെയാണ്. സഹോദരനായാൽ ഇങ്ങനെ വേണമെന്ന കമൻ്റുകളാണ് ഈ ദൃശ്യങ്ങൾക്ക് താഴെ വരുന്നവയിൽ ഭൂരിപക്ഷവും. പ്രതിക്ക് കൂടുതൽ പേരും നൽകുന്നത് കൈയടിയാണ്.

പ്രതികൾ പൊലീസിനോട് പറഞ്ഞത്

പ്രതികളിലൊരാളായ സിബിയുടെ കാമുകിയായ 19 കാരി ഊട്ടിയിൽ പഠിക്കുകയാണ്. റിയാസ് ഊട്ടിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ പെൺകുട്ടി എന്തോ തിരയുന്നത് കണ്ട് കാർ നിർത്തി വിവരം അന്വേഷിച്ചു. ഒരു മാല നഷ്ടമായെന്ന് പെൺകുട്ടി മറുപടി നൽകി. തനിക്ക് ഒരു മാല കിട്ടിയിട്ടുണ്ടെന്നും ഒരു കടയിൽ ഏൽപ്പിച്ചുവെന്നും  റിയാസ് പെൺകുട്ടിയോട് പറഞ്ഞു. മാല അവിടെ നിന്ന് വാങ്ങിത്തരാം എന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയ ശേഷം  ലഹരി വസ്തു നൽകി പീഡിപ്പിച്ചു. ഇക്കാര്യം പെൺകുട്ടി സിബിയോട് പറഞ്ഞു. അന്നുമുതൽ സിബി റിയാസിനെ തേടി നടക്കുകയായിരുന്നു. തന്റെ കസിൻ ആണ് പെൺകുട്ടിയെന്നാണ് സിബി പൊലീസിനോട് പറഞ്ഞത്.

റിയാസിനെ കെണിയിലാക്കാൻ വ്യാജ സമൂഹമാധ്യമ അക്കൗണ്ട്

തന്റെ പെൺസുഹൃത്ത് പീഡിപ്പിക്കപ്പെട്ട വിവരം  അറിഞ്ഞതു മുതൽ പകയോടെ റിയാസിനെ കെണിയിൽ വീഴ്ത്താനുള്ള ആലോചനയിലായിരുന്നു സിബി.  വിഷ്ണുലാലുമായി ഇതിനുള്ള തന്ത്രം മെനഞ്ഞു. റിയാസിനെ തേടി കണ്ണൂരിൽ പല തവണ എത്തിയെങ്കിലും കാണാനാകാതെ മടങ്ങി. തുടർന്ന് യുവതിയുടെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ട് ഉണ്ടാക്കി റിയാസിനെ കുരുക്കാൻ ശ്രമം തുടങ്ങി. ആ കെണിയിൽ റിയാസ് വീണു. അങ്ങനെയാണ് നേരിൽ കാണാം എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റിയാസ് കണ്ണൂരിൽ  നിന്ന് ആലപ്പുഴയിൽ എത്തിയത്. തിരുവനന്തപുരത്ത് നിന്ന് ബൈക്കിൽ എത്തിയ സിബിയും വിഷ്ണു ലാലും കല്ലുപാലത്തിന് സമീപം വാഹനം വച്ച ശേഷം കെഎസ് ആർടിസി ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് റിയാസിനെ കണ്ടെത്തി ആക്രമിക്കുകയായിരുന്നു. റിയാസ് സുഹ്യത്തിനൊപ്പമാണ് ആലപ്പുഴയിൽ എത്തിയത്.

കൂടുതൽ അന്വേഷണത്തിന് പൊലീസ്

പ്രതികളുടെ മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന റിയാസിന്റേയും പീഡിപ്പിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന പെൺകുട്ടിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. റിയാസിന്റെ സുഹൃത്തിന്റെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ റിയാസിനെ പ്രതികൾ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

പ്രതികൾ പറയുന്നതു പോലെ ഊട്ടിയിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കണം. റിയാസിന് കെണിയൊരുക്കുന്നതിന് വ്യാജ സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കാൻ മറ്റൊരു പെൺകുട്ടിയുടെ സഹായം കിട്ടിയതായും പൊലിസ് സംശയിക്കുന്നുണ്ട്. 

ENGLISH SUMMARY:

Viral Story of Brother Attacking Rapist Is Fake: Social Media Misled by False Narrative