കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എടത്വയിലും പരിസരപ്രദേശത്തും മോഷണവും മോഷണ ശ്രമങ്ങളും പതിവാണ്. വല പലതു വിരിച്ചിട്ടും കുടുങ്ങാത്ത കള്ളനെ തേടി എടത്വ എസ്എച്ച്ഒ അൻവറും സംഘവും പട്രോളിങ്ങും ശക്തമാക്കി. ഇതിനിടയിൽ ശനിയാഴ്ച രാത്രിയാണ് വീണ്ടുമൊരു മോഷണശ്രമം ഉണ്ടാകുന്നത്. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി കുരിശടിയിലെ കാണിക്ക വഞ്ചിയായിരുന്നു ഇത്തവണ കള്ളന്റെ ലക്ഷ്യം. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും കള്ളൻ ബൈക്കിൽ സ്ഥലം വിട്ടു. എടത്വ ആലംതുരുത്തി റോഡിലേക്ക് തിരിഞ്ഞ മോഷ്ടാവിന് പിന്നാലെ പൊലീസ് പറന്നു.
200 മീറ്റർ മുന്നോട്ടുപോയപ്പോഴാണ് റോഡിലെ ചെളിയിൽ തെന്നിവീണു പരുക്കേറ്റു കിടക്കുന്ന ബൈക്ക് യാത്രികനെ പൊലീസ് കണ്ടത്. മോഷ്ടാവിനെയോ കിട്ടിയില്ല, ഒരു ജീവനെങ്കിലും രക്ഷിക്കാമെന്നായി പൊലീസ്. പരിക്കേറ്റയാളെ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് അല്പം കൂടുതലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവരും. പിന്നെ ഒന്നും നോക്കിയില്ല. പൊലീസുകാർ തന്നെ ആംബുലൻസും വിളിച്ച് പരിക്കേറ്റയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സ നൽകി ആശ്വാസവാക്കുകളും പറഞ്ഞു പൊലീസുകാർ തിരികെ സ്റ്റേഷനിലേക്ക്. Also Read: ചാലക്കുടിയില്‍ ബവറേജസില്‍ മോഷണം; സിസിടിവികള്‍ തകര്‍ത്തു
പിറ്റേദിവസം തങ്ങൾ രക്ഷിച്ചയാളുടെ സുഖ വിവരമറിയാൻ ആശുപത്രിയിലേക്ക് വെറുതെ വിളിച്ചതാണ് പൊലീസുകാർ. പരുക്കേറ്റയാൾ ആശുപത്രിയിൽ ഇല്ലെന്നായിരുന്നു മറുപടി. ശെടാ, ഇതെങ്ങനെ? വശപ്പിശക് തോന്നിയ പൊലീസ് അപകട സ്ഥലത്തേക്ക് വീണ്ടും ഒന്നു പോയി. എത്തിയത് കൃത്യസമയത്താണ്. ആശുപത്രി വിട്ടയാൾ ബൈക്കും തള്ളി മുന്നോട്ട് നടപ്പാണ്. പേര് പ്രകാശ്, സ്വദേശം തകഴി കുന്നുമ്മ. ബൈക്ക് തള്ളുന്നതിനിടയിലും എല്ലാം കിറുകൃത്യമായി പറഞ്ഞു കൊടുത്തു കക്ഷി. എന്നാലും എവിടെയോ എന്തോ തകരാറു പോലെ. പൊലീസുകാർ വണ്ടി നമ്പർ വെറുതെയൊന്ന് ചെക്ക് ചെയ്തു. അപ്പോഴല്ലേ കള്ളി വെളിച്ചത്തു വരുന്നത്. എറണാകുളം കടവന്ത്രയിൽ നിന്ന് മോഷണം പോയ ബൈക്കാണ്. വീണ് പരുക്കേറ്റ് കിടന്നതും ആശുപത്രിയിൽ എത്തിച്ചതും ഇപ്പോൾ വീണ്ടും തേടിയെത്തിയതും എല്ലാം ഇത്രയും നാൾ പൊലീസിനെ വട്ടം ചുറ്റിച്ച മോഷ്ടാവിനെയാണ്.
കഴിഞ്ഞ രാത്രി പള്ളിക്ക് സമീപത്തെ കാണിക്ക വഞ്ചി കുത്തി തുറക്കാൻ ശ്രമിച്ചതും കക്ഷി തന്നെ. പൊലീസിനെ കണ്ട് ചീറിപ്പായുന്നതിനിടെ ചെളിയിൽ തെന്നി വീണ് കിടന്നതായിരുന്നു തലേന്നത്തെ രംഗം. പക്ഷേ രക്ഷിക്കാനുള്ള അപ്പോഴത്തെ തിടുക്കത്തിൽ ഒന്നും മനസ്സിലായില്ല. ഒന്ന് റിവൈന്റ് ചെയ്തപ്പോൾ എല്ലാം വ്യക്തമായി. ഭാവമാറ്റമൊന്നും കൂടാതെ മുന്നിൽ നിന്ന് അപ്പോഴും അഭിനയിച്ചു തകർത്ത പ്രകാശിനെ ഒടുവിൽ പൊലീസ് കയ്യോടെ പിടികൂടി. ആദ്യം ചെറിയോരു അമളി പറ്റിയെങ്കിലും മോഷ്ടാവിനെ പിടിക്കാൻ ആയതിന്റെ ആശ്വാസത്തിലാണ് പൊലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.