കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ ലഹരിയുടെ ഉറവിടം കണ്ടെത്തി പൊലീസ്. ഹോസ്റ്റലിലേക്കടക്കം വന്‍തോതില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയ ഒഡീഷ സ്വദേശി അജയ് പ്രധാനെ അറസ്റ്റ് ചെയ്തു. അഞ്ച് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടത്തിലേക്ക് കളമശേരി പൊലീസ് എത്തിയത്.
ഹോളി ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ വാങ്ങിവെച്ച രണ്ട് കിലോ കഞ്ചാവാണ് മാര്‍ച്ച് പന്ത്രണ്ടിന് കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് പൊലീസ് പിടികൂടിയത്. കോളജ് പ്രിന്‍സിപ്പലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ വളഞ്ഞുള്ള പരിശോധനയില്‍ അലമാരയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്നെത്തിയ കഞ്ചാവിന്‍റെ പ്രധാന വിതരണക്കാരനാണ് പിടിയിലായ അജയ് പ്രദാന്‍. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘങ്ങള്‍ക്ക് കിലോ കണക്കിന് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് അജയ് പ്രദാന്‍റെ നേതൃത്വത്തിലാണ്.
പിടിയിലായ മറ്റ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒഡീഷയിലെ ദരിങ്ക്ബാദില്‍ നിന്നാണ് ഇയാളെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പൊലീസ് പോലും കടന്നുചെല്ലാന്‍ മടിക്കുന്ന മാവോയിസ്റ്റ് മേഖലയില്‍ നിന്ന് അതിസാഹസികമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹോളിയുടെ തലേദിവസം നടന്ന റെയ്ഡില്‍ കോളജിലെ വിദ്യാര്‍ഥികളും ഹോസ്റ്റലിലെ താമസക്കാരുമായ ആകാശ്, ആദിത്യൻ, അഭിരാജ് എന്നിവര്‍ അറസ്റ്റിലായി. കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍, വലിക്കാനുള്ള ഉപകരണങ്ങളടക്കം മുറികളില്‍ നിന്ന് കണ്ടെത്തി. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ പൂര്‍വവിദ്യാര്‍ഥികള്‍ ആഷിക്ക്, ഷാലിക്ക് എന്നിവരും അടുത്ത ദിവസം പൊലീസിന്‍റെ വലയിലായി.
ഇവരെ പിന്തുടര്‍ന്ന് കഞ്ചാവ് കൈമാറിയ സൊഹൈല്‍ ഷെയ്ക്ക്, അഹിന്ത മണ്ഡല്‍ എന്നീ രണ്ട് ഇതരസംസ്ഥാനക്കാരെയും ആലുവയില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ വഴിയാണ് പൊലീസ് അജയ് പ്രധാനിലേക്ക് എത്തിയത്. ഒഡീഷയില്‍ അജയ് പ്രധാന്‍റെ നേതൃത്വത്തില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷിചെയ്യുന്നുണ്ട്. പോളിയിലേക്ക് എത്തിച്ചിരുന്ന കഞ്ചാവ് നഗരത്തിലെ മറ്റ് കോളജിലേക്കടക്കം വിതരണം ചെയ്തിരുന്നു. പോക്കറ്റ് മണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ ലഹരികച്ചവടം ഏറ്റെടുത്തത്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി.