ഒരു പ്രധാന കുടുംബത്തിലെ പുതുലമുറയില്പ്പെട്ട യുവാക്കള്‍ ഒരുമിച്ച് ഒരു സംരംഭം തുടങ്ങുന്നു. കൃത്യമായ ആസൂത്രണത്തോടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള സംരംഭം. ഒരു വര്‍ഷംകൊണ്ട് യുവസംരംഭകരുടെ പോക്കറ്റില്‍ വന്നു നിറഞ്ഞത് കോടികള്‍. രാജ്യവ്യാപകമായി സംരംഭ ശൃംഖല വളര്‍ന്നു. ലാവിഷ് ജീവിതം കൂടാതെ ലക്ഷങ്ങളുടെ നിക്ഷേപങ്ങളും ഓരോരുത്തര്‍ക്കും. അങ്ങനെ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുപോയ ആ സംരംഭം ഒരു സുപ്രഭാതത്തില്‍ തകര്‍ന്നടിഞ്ഞു. ഉടമകളായ യുവ സംരംഭകര്‍ തടവറയിലായി. ഉത്തര്‍പ്രദേശിലെ യുവസംരംഭകരാണ് സംരംഭം തുടങ്ങി ഒരു വര്‍ഷം പിന്നിടും മുന്‍പ് കുത്തുപാളയെടുത്തത്. സംരംഭം എന്താണെന്നല്ലെ...'നാട്ടുകാരെ പറ്റിച്ച് ആ പണം കൊണ്ട് പുട്ടടിക്കുക'. ആ കുടുംബ സംരംഭം പൂട്ടിച്ചത് മറ്റാരുമല്ല കേരള പൊലീസ്. കൃത്യമായി പറഞ്ഞാല്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ്. കഴിഞ്ഞ ദിവസം പിടിയിലായ പരിവാഹന്‍ ആപ്പ് തട്ടിപ്പ് കേസിലെ പ്രതികളാണ് ആ യുവ സംരംഭകര്‍. തട്ടിപ്പ് തൊഴിലാക്കിയവര്‍.
ഒരമ്മപെറ്റ അളിയന്മാര്
ഉത്തര്‍പ്രദേശിലെ വാരണസിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ് ഓടിച്ചിട്ട് പിടികൂടിയത് തട്ടിപ്പുകാരായ അളിയന്മാരെയാണ്. പന്ത്രണ്ട് ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ അതുല്‍കുമാര്‍ സിങ്, മനീഷ് യാദവ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി മനീഷ് യാദവിന്റെ സഹോദരിയെ വിവാഹം ചെയ്തയാളാണ് ഒന്നാംപ്രതി അതുല്‍കുമാര്‍ സിങ്. രണ്ട് പേരും സാമാന്യം സമ്പന്നമായ കുടുംബത്തിലെ അഗംങ്ങള്‍. ഇരുവര്‍ക്കും മികച്ച വിദ്യാഭ്യാസം. ആ വിവാഹം രണ്ട് കുടുംബങ്ങളെ മാത്രമല്ല ചേര്‍ത്തുവെച്ചത് തട്ടിപ്പ് നടത്തി പണം സമ്പാദിക്കാന്‍ തക്കംപാര്‍ത്തിരുന്ന രണ്ട് അളിയന്മാരെ കൂടിയാണ്.
പണവും പ്രതാപവും
വീട്ടിലെ സമ്പത്തും സൗകര്യങ്ങളും മതിയായിരുന്നില്ല അളിയന്മാരായ മനീഷ് യാദവിനും അതുല്‍ കുമാര്‍ സിങ്ങിനും. കോടികളുടെ ബാങ്ക് ബാലന്‍സ് വേണം ആഡംബര ജീവിതം നയിക്കണം. അങ്ങനെയാണ് പെട്ടെന്ന് പണക്കാരാകാന്‍ പുതുതലമുറയിലെ പലരും തിരഞ്ഞെടുത്ത തട്ടിപ്പ് വഴി ഇരുവരും തിരഞ്ഞെടുത്തത്. ഉന്നതവിദ്യാഭ്യാസം നേടിയവരാണ് ഇരുവരും. ഒന്നാം പ്രതി അതുല്‍ കുമാര്‍ സിങ് എംഎക്കാരനാണ്. ഇതിന് പുറമെ നിയമവും പഠിക്കുന്നുണ്ട്. തട്ടിപ്പിന് പിടിക്കപ്പെട്ടാല്‍ ഊരിപോകാവുന്ന വഴികള്‍ കണ്ടെത്താനാണോ നിയമപഠനമെന്ന സംശയവും പൊലീസിനുണ്ട്. ഇതിന് പുറമെ ട്രക്ക് മുതലാളികൂടിയാണ് കക്ഷി. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന നാല് വലിയ ട്രക്കുകളുടെ ഉടമയാണ് അതുല്‍കുമാര്‍ സിങ്. അളിയനായ രണ്ടാംപ്രതി മനീഷ് യാദവ് ബിഎക്കാരനാണ്. സൈക്കോളജിയാണ് പഠിച്ചത്. യുപിയിലെ പ്രധാന നിര്‍മാണക്കരാര്‍ കമ്പനി നടത്തുന്ന കുടുംബത്തിലെ അംഗം കൂടിയാണ് മനീഷ്.
ചക്കിക്കൊത്ത ചങ്കരന്
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തേടിയലഞ്ഞ അളിയന്മാര്ക്ക് ചക്കിക്കൊത്ത ചങ്കരനെന്നപോലെ ഒരു ബന്ധുകൂടി കൂട്ടിനെത്തി. തക്കിട തരികിട ഫേമിലി പൂര്‍ണതയിലെത്തുന്നത് ഇതോടെയാണ്. ഒന്നാംപ്രതി അതുല്‍കുമാര്‍ സിങ്ങിന്റെ അകന്ന ബന്ധുവാണ് തട്ടിപ്പുകളുടെ സൂത്രധാരനായ പതിനാറുകാരന്. ഈ വിരുതനാണ്
തട്ടിപ്പ് നടത്താനുപയോഗിച്ച വ്യാജ പരിവാഹന്‍ ആപ്പ്ടക്കം സജ്ജമാക്കിയതെന്നാണ് പൊലീസ് നല്കുന്ന വിവരം. സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട കോഴ്സില്‍ ചേര്‍ന്ന് പഠനം തുടരുകയാണ് പതിനാറുകാരന് . ഇതിനൊപ്പം എന്‍ജിനീയറിങ് ക്രാഷ് കോഴ്സിനും ചേര്‍ന്നിട്ടുണ്ട്. അങ്ങനെ ഫാമിലി ബിസിനസെന്ന നിലയില്‍ തട്ടിപ്പ് നടത്തി ഉഷാറായി പുട്ടടിക്കുന്നതിനിടെയിലായിരുന്നു ഞെട്ടിച്ച് കേരള പൊലീസിന്റെ വരവ്.
സൂത്രധാരനെയും കാത്ത്
അളിയന്മാരെ പൂട്ടിയെങ്കിലും 'പ്രായം' തട്ടിപ്പിന്റെ സൂത്രധാരനായ പതിനാറുകാരന് തുണയായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മറ്റ് പ്രതികളെപോലെ തൂക്കിയെടുത്ത് കൊണ്ടുപോകാന്‍ പൊലീസിനാകില്ല. കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും മാതാപിതാക്കളുടെ സാന്നിദ്യവും അനുമതിയും അനിവാര്യം. ഈ സാഹചര്യത്തില്‍ പതിനാറുകാരനന്റെ മാതാപിതാകള്‍ക്ക് മകനെയും കൂട്ടി കാക്കനാട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അന്വേഷണസംഘം. തട്ടിപ്പ് സംഘത്തിലെ ത്രിമൂര്‍ത്തികള്‍ ഒരു വര്‍ഷത്തിനിടെ പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രയുടെ ലക്ഷ്യം തട്ടിപ്പിന് കൂട്ടു നിന്ന ആളുകളുടെ വിവരങ്ങളടക്കം ഇനിയും കണ്ടെത്തേണ്ടതുണ്ട്. സൈബര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാനും സംഘവും പതിനാറുകാരന്റെ വരവിനായി കാത്തിരിക്കുകയാണ്.