നല്ല ഉശിരുള്ള പൊലീസുകാരന്‍..ചെറുപ്പക്കാരായാല്‍ ഇങ്ങനെ വേണം... ഇതായിരുന്നു നാലുമാസം മുന്‍പുവരെ എസ്.ഐ അങ്കുര്‍ മാലികിനെ കുറിച്ച് ഡല്‍ഹി പൊലീസിലെ ഉന്നതര്‍ വരെ പറഞ്ഞിരുന്നത്. ഡല്‍ഹി പൊലീസിന് തലവേദന സൃഷ്ടിച്ച നിരവധി സൈബര്‍ സാമ്പത്തിക തട്ടിപ്പുകേസുകളാണ് അതിവേഗത്തില്‍ അങ്കുര്‍ കുരുക്കഴിച്ച് പരിഹരിച്ചത്. പക്ഷേ കേസുകള്‍ തെളിഞ്ഞതിന് പിന്നാലെ വന്‍ ട്വിസ്റ്റുണ്ടായി. തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്ത പണം യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കുന്നതിനായുള്ള ചുമതലയും സ്വയം ഏറ്റെടുത്തു. പണം നിക്ഷേപിക്കേണ്ടതിന് തൊട്ടു മുന്‍പ് ഏഴുദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് ഒറ്റ മുങ്ങല്‍. പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിയതേ ഇല്ല. 

ഇതേ സമയം തന്നെ ജിഡിബി എന്‍ക്ലേവ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ നേഹ പുനിയയും ലീവെടുത്തു. പന്തികേട് തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് തീക്കട്ടയില്‍ ഉറുമ്പരിച്ചത് കണ്ടെത്തിയത്. രണ്ടുകോടി രൂപയുമായി കാമുകിയായ നേഹയുടെ അടുത്തെത്തിയ ശേഷം അങ്കുര്‍, അവരെയും കൂട്ടി മണാലി, ഗോവ, കശ്മീര്‍ എന്നിങ്ങനെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ചുറ്റിയടിച്ചു. ഒടുവില്‍ ഡല്‍ഹി പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തു.

തട്ടിപ്പിലൂടെ നഷ്ടമായ പണം സ്വീകരിക്കാന്‍ പരാതിക്കാര്‍ ആരും എത്തിയില്ലെന്ന് വിശദീകരിക്കുന്ന വ്യാജരേഖകള്‍ അങ്കുര്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രത്യേക കോടതി ഉത്തരവും കൈക്കലാക്കി. തുടര്‍ന്ന് വിദഗ്ധനീക്കത്തിലൂടെ രണ്ടുകോടിയിലേറെ വരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

2021 ല്‍ എസ്.ഐമാര്‍ക്കുള്ള പരിശീലനത്തിനിടെയാണ് അങ്കുറും നേഹയും സൗഹൃദത്തിലായത്. ഇത് ക്രമേണെ പ്രണയത്തിലേക്ക് വളര്‍ന്നു. തട്ടിപ്പിനുള്ള പദ്ധതി അന്നേ ആരംഭിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്.  അങ്കുറിനും നേഹയ്ക്കും സ്വന്തം കുടുംബങ്ങളുണ്ടെന്നും ഉത്തര്‍പ്രദേശിലെ ബറൗട്ടില്‍ അങ്കുറിന് ഭാര്യയുണ്ടെന്നും നേഹയുടെ ഭര്‍ത്താവ് ഡല്‍ഹിയിലെ രോഹിണിയിലാണ് താമസമെന്നും പൊലീസ് പറയുന്നു. 

നാലുമാസത്തെ അന്വേഷണത്തിനൊടുവില്‍ ഇന്‍ഡോറില്‍ നിന്നാണ് അങ്കുറും നേഹയും പിടിയിലായത്. ഇവരില്‍ നിന്നും ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍, പണമായി 12 ലക്ഷം രൂപ, 11 മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്, മൂന്ന് എടിഎം കാര്‍ഡുകള്‍ എന്നിവ പിടികൂടി. പണം കൈമാറുന്നതിന് എളുപ്പമാര്‍ഗമെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്നും പൊലീസ് പറയുന്നു. സ്വന്തം പങ്കാളികളെ ഉപേക്ഷിച്ച ഇരുവരും മധ്യപ്രദേശിലെ മലയോര ഗ്രാമങ്ങളില്‍ പോയി പുതിയ മേല്‍വിലാസത്തില്‍ ജീവിക്കാനായിരുന്നു പദ്ധതിയിട്ടതെന്നും കണ്ടെത്തി.

ENGLISH SUMMARY:

A Delhi Police SI, hailed for solving cyber fraud, shockingly absconded with two crore rupees and his policewoman girlfriend. Discover how SI Ankur Malik and SI Neha Puniya embezzled recovered funds, were caught in Indore, and the shocking details of their crime.