മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം ഷില്ലോംഗ് ജയിലിൽ ഒരു മാസം പൂര്‍ത്തിയാക്കി. എന്നാൽ, ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ സോനം ഒരിക്കല്‍ പോലും തന്‍റെ പ്രവൃത്തിയിൽ പശ്ചാത്തപിച്ചുകണ്ടില്ലെന്ന് ജയില്‍ വൃത്തങ്ങള്‍. കുടുംബാംഗങ്ങൾ ആരും സോനത്തെ സന്ദർശിച്ചിട്ടുമില്ല. സോനം ജയിലിലെ ചുറ്റുപാടുമായി പൊരുത്തപ്പെടുകയും സഹ വനിതാതടവുകാരോട് നന്നായി പെരുമാറുകയും ചെയ്യുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള വിവരം.
എല്ലാ ദിവസവും രാവിലെ കൃത്യ സമയത്ത് ഉണരുന്നു, ജയിൽ ചട്ടങ്ങള്‍ അനുസരിക്കാനും സോനത്തിന് മടിയില്ല. കൊലക്കേസ് പ്രതിയായ സോനം സഹതടവുകാരോടോ ജയിൽ അധികൃതരോടോ തന്‍റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ സംസാരിക്കാറില്ല. ജയിലിനുള്ളിൽ സോനത്തിന് ഇതുവരെ പ്രത്യേക ജോലിയൊന്നും നൽകിയിട്ടില്ല, എന്നാൽ സോനത്തെ തയ്യലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളും പഠിപ്പിക്കുമെന്ന് ജയില്‍വൃത്തങ്ങൾ അറിയിച്ചു. പ്രതിക്ക് എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ജയിൽ ചട്ടങ്ങൾ അനുസരിച്ച്, സോനത്തിന് അവളുടെ കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്, എന്നാൽ ആരും ഇതുവരെ അവളെ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.
496 തടവുകാരാണ് ഷില്ലോംഗ് ജയിലിലുള്ളത്. അതിൽ 20 പേര്‍ സ്ത്രീകളാണ്. കൊലപാതകക്കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന രണ്ടാമത്തെ വനിതാ തടവുകാരിയാണ് സോനം.
മെയ് 11 നാണ് രാജയും സോനവും വിവാഹിതരായത്. മെയ് 20 ന് അവർ മേഘാലയയിൽ ഹണിമൂണിന് പുറപ്പെട്ടു മൂന്ന് ദിവസം വടക്കുകിഴക്കൻ മേഖലയിൽ ചുറ്റിക്കറങ്ങുന്നതിനിടെ മെയ് 23ന് രാജാ രഘുവംശിയെ കാണാതായി. ജൂൺ 2 ന് വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു മലയിടുക്കിൽ നിന്നും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനും സോനവും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനിലാണ് കൊല നടന്നതെന്ന് കണ്ടെത്തിയത്.
സോനത്തിന്‍റെ കാമുകൻ രാജ് ഉൾപ്പെടെ ബാക്കിയുള്ള മൂന്ന് കൊലയാളികളെയും പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം സോനവുമായുള്ള എല്ലാ ബന്ധങ്ങളും കുടുംബം ഉപേക്ഷിച്ചതായി സോനത്തിന്‍റെ സഹോദരൻ പറഞ്ഞിരുന്നു. രാജയുടെ ദുഃഖിതരായ കുടുംബാംഗങ്ങളോട് ഒപ്പമെന്നും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ അവരെ സഹായിക്കുമെന്നും സോനത്തിന്‍റെ കുടുംബം പ്രഖ്യാപിച്ചിരുന്നു.