ചേര്‍ത്തലയിൽ അഞ്ചുവയസുകാരനെ മർദിച്ച് പരുക്കേൽപ്പിച്ചതിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പരാതി. ചേർത്തലയിലെ സ്കൂളിൽ യു.കെ.ജി വിദ്യാർഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായ കടയിലാണ് കണ്ടെത്തിയത്. പരുക്കേറ്റ കുട്ടി ചായക്കടയിൽ ഇരിക്കുന്നത് ഇതുവഴി വന്ന പി.ടി.എ പ്രസിഡന്റിന്റെ  ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

അമ്മയും അമ്മൂമ്മയും നടത്തിയ ക്രൂര  മർദനത്തിൻ്റെ ഇരയായതാണ് ഈ കുരുന്ന്. മുഖത്തും കഴുത്തിലും പരുക്കേറ്റ് കോടതി കവലയ്ക്ക് സമീപം ചായക്കടയിൽ ഇരിക്കുന്ന കുട്ടിയെ ഇന്നലെ വൈകിട്ട് കണ്ടത്  സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ. ദിനൂപ് ആണ്. മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന്  അന്വേഷിച്ചപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തി. 

തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണീറ്റിലും ചേർത്തല പൊലീസിലും പരാതി നൽകി. മുഖത്തും കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്കെയിലിന് അടിച്ചതാണെന്നും അമ്മുമ്മയും  ഉപദ്രവിക്കാറുണ്ടെന്നും കുട്ടി അഡ്വ. ദിനൂപിനോടും ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സൂപ്പർ വൈസർ അലൻ വർഗീസ് കുട്ടിയെ ഏറ്റെടുത്തു. വൈദ്യപരിശോധനയിൽ കുട്ടിയുടെ ദേഹത്ത് മർദനത്തിൻ്റെ പാടുകൾ കണ്ടെത്തി.

കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവിൽപ്പനയ്ക്ക് പോകുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈൻ പൊലിസിന് റിപ്പോർട്ട് നൽകി. ചൈൽഡ് ലൈൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്.  കുട്ടിയെ രാത്രിയിൽ തന്നെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മേയ്  24ന്   അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. റിമാൻഡിൽ കഴിയവേ രോഗം മൂർച്ഛിച്ച്   ഇയാൾ ആശുപത്രിയിൽ മരിച്ചിരുന്നു. അന്നും സ്കൂൾ പിടിഎ ഇടപെട്ടാണ് ഇയാൾക്കെതിരെ കേസെടുപ്പിച്ചത്.

ENGLISH SUMMARY:

Complaint filed against mother and grandmother for assaulting 5-year-old in Cherthala. A UKG student was found with injuries on his face and neck at a tea shop in Cherthala. The five-year-old boy, who studies in a local school, was reportedly assaulted. The matter came to light when the PTA president, passing by the tea shop, noticed the injured child sitting there