TOPICS COVERED

നീതി നടപ്പിലാക്കാന്‍ പൊലീസിലെ ഉന്നതരോട് പോരടിച്ച ‘ലേഡി സിംഗം’. ഹിമാചല്‍ പ്രദേശിലെ ‘മലയാളി ഐപിഎസ് ഉദ്യോഗസ്ഥ സൗമ്യ സാംബശിവന്‍. ഹിമാചല്‍പ്രദേശെന്ന മനോഹര സംസ്ഥാനത്ത് എല്ലാവരുടെയും പ്രിയങ്കരിയായി മാറിയ ഉദ്യോഗസ്ഥ. ഏറെ ആഗ്രഹിച്ച് കിട്ടിയ ജോലിയും ഇഷ്ട സ്ഥലവും. സൗമ്യ സാംബശിവന്‍ ഐപിഎസിന് ഹിമാചല്‍പ്രദേശ് അങ്ങനെയായിരുന്നു. 2010ല്‍ സര്‍വീസില്‍ കയറിയ കാലം മുതല്‍ ക്രിമിനലുകളുടെ പേടി സ്വപ്നവും പൊലീസിന്‍റെ സഹായം തേടി എത്തുന്നവര്‍ക്ക് ചിറകുകള്‍ വിരിച്ച കാവല്‍ മാലാഖയുമാകുന്ന സൗമ്യ സാംബശിവന്‍

2017 ജൂലൈ 20നാണ് സൗമ്യ സാംബശിവന്‍ ഷിംല എസ്പിയായി ചുമതലയേറ്റത്. ഒരു പീഡന കൊലപാതകവും തുടര്‍ന്നുണ്ടായ ഒരു കസ്റ്റഡിക്കൊലയുമാണ് സൗമ്യ സാംബശിവന്‍ എന്ന മലയാളി ഐപിഎസ് ഉദ്യോഗസ്ഥയുടെ ജീവിതം മാറ്റിമറിച്ചത്. എല്ലാ അര്‍ഥത്തിലും എന്നേക്കുമായി മാറ്റിമറിച്ച ദിവസങ്ങള്‍. വെല്ലുവിളികള്‍, ഭീഷണി, ജോലി സമ്മര്‍ദം. ഒന്നിന് പുറകെ ഒന്നായി തടസ്സങ്ങളുടെ കുത്തൊഴുക്ക്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ചണ്ഡിഗഡിലെ സിബിഐ കോടതി സ്പെഷല്‍ ജഡ്ജി അല്‍ക്കാ മാലിക് വിധി പറഞ്ഞപ്പോള്‍ (18/01/2025) വിജയിച്ച നിശ്ചയദാര്‍ഢ്യം.

എന്താണ് കേസ് ?

ഒരു കസ്റ്റഡിക്കൊലപാതകത്തില്‍ ഹിമാചല്‍പ്രദേശിലെ ഒരു ഐജി, ഡിഎസ്പി, എസ്ഐമാരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് തെളിയിക്കാന്‍ നിര്‍ണായകമായത് സൗമ്യ സാംബശിവന്‍ ഐപിഎസിന്‍റെ സാക്ഷിമൊഴി. കോടതി കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവര്‍ ഇവരാണ്.

ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ക്രമത്തില്‍

1. സാഹൂര്‍ ഹൈദര്‍ സൈദി – ഷിംല സതേണ്‍ റേഞ്ച്, ഐജി

2. മനോജ് ജോഷി – ഷിംല, തിയോഗ്, ഡിഎസ്പി

3. രജീന്ദര്‍ സിങ് – എസ്ഐ

4. ദീപ് ചന്ദ് – എഎസ്ഐ

5. മോഹന്‍ലാല്‍ – ഹെഡ് കോണ്‍സ്റ്റബിള്‍

6. സൂറത്ത് സിങ് – ഹെഡ് കോണ്‍സ്റ്റബിള്‍

7. റാഫി മുഹമ്മദ് – ഹെഡ് കോണ്‍സ്റ്റബിള്‍

8. രണ്‍ജീത് സ്റ്റേറ്റ, കോണ്‍സ്റ്റബിള്‍

2017 ജൂലൈ നാലിന് ഷിംലയിലെ ഒരു വനമേഖലയോട് ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (സാങ്കല്‍പ്പിക പേര് - ഗുഡിയ) ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുന്നു. സഹോദരനൊപ്പം സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെയാണ് പിന്നീട് ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസില്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. അന്വേഷണം പാളി. ജനരോഷം ഉയര്‍ന്നു. എങ്ങനെയും പ്രതിയെ കണ്ടെത്തുക എന്ന് സര്‍ക്കാരിന്‍റെ സമ്മര്‍ദവും പൊലീസിന് ചുമലില്‍. ഇതോടെ ആരെയെങ്കിലും കേസില്‍പ്പെടുത്തി തലയൂരാന്‍ പൊലീസ് നീക്കം തുടങ്ങി.

അങ്ങനെയാണ് സൂരജ് സിങ്ങെന്ന നേപ്പാളുകാരനെയും മറ്റ് നാലുപേരെയും പണം നല്‍കി കുറ്റം സമ്മതിപ്പിക്കാന്‍ പൊലീസ് തന്നെ ശ്രമിച്ചത്. കുറ്റസമ്മതമൊഴി വ്യാജമായെടുക്കാന്‍ സൂരജ് സിങ്ങിനെ പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ കസ്റ്റഡി മര്‍ദനത്തിന് വിധേയനാക്കുന്നു. അന്നത്തെ ഷിംല സതേണ്‍ റേഞ്ച് ഐജി സാഹൂര്‍ ഹൈദര്‍ സൈദിയുടെ നിര്‍ദേശപ്രകാരമായിരുന്നു ക്രൂരത.

2017 ജൂലൈ 13നാണ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട മര്‍ദനത്തിനൊടുവില്‍ ജൂലൈ 19ന് പുലര്‍ച്ചെ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് ലോക്കപ്പില്‍ വച്ച് സൂരജ് കൊല്ലപ്പെട്ടു. ലോക്കപ്പില്‍ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടിയതാണെന്നും സ്വയം മുറിവേല്‍പ്പിച്ചതാണെന്നും വരുത്തി തീര്‍ക്കാന്‍ പൊലീസിന്‍റെ ഊര്‍ജിത ശ്രമം. തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നു. വ്യാജ മൊഴി നല്‍കാന്‍ പൊലീസുകാരെയടക്കം തയാറാക്കുന്നു. ബലാല്‍സംഗക്കൊലയും തുടര്‍ന്നുണ്ടായ കസ്റ്റഡി കൊലപാതകവും വലിയ നാണക്കേട് ആയതോടെ സിബിഐ രംഗപ്രവേശനം ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായി.

ഇതോടെ സിബിഐ വരുന്നതിന് മുന്‍പ് തങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ള വഴികളെല്ലാം അടയ്ക്കാനായി പ്രതികളായ ഐജിയും എസ്പിയും ഡിഎസ്പിയുമടക്കമുള്ള എട്ട് പൊലീസുകാരുടെ ശ്രമം. എന്നാല്‍ അവര്‍ക്ക് മുന്നില്‍ നീതിയുടെ അണകെട്ടി ഒരു വനിതാ ഉദ്യോഗസ്ഥ പാറപോലെ ഉറച്ചുനിന്നു. ആ ഉദ്യോഗസ്ഥയുടെ പേരാണ് സൗമ്യ സാംബശിവന്‍. സൂരജ് സിങ്ങെന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് ഉദ്യോഗത്തിലെ ഭാവി പോലും മറന്ന് രംഗത്തിറങ്ങിയ സൗമ്യ. ജോലി ചെയ്തിടത്തെല്ലാം സഹപ്രവര്‍ത്തകരും അറിയാവുന്നവരും സ്നേഹത്തോടെ വിളിച്ചിരുന്ന ‘സൗമ്യ മാഡം’. കസ്റ്റഡി കൊലപാതകത്തിലെ ഒന്‍പതാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് കോടതി വെറുതെവിട്ടു. ഷിംല എസ്പി ദാനൂബ് വാങ്കിയാലിന് പകരം ചുമതലയേറ്റ മലയാളി വനിതാ ഉദ്യോഗസ്ഥ.

കസ്റ്റഡിയില്‍ മര്‍ദിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സൂരജ് സിങ് എന്ന യുവാവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനായി ഒന്നും രണ്ടും പ്രതികളായ ഐജിയും ഡിഎസ്പിയും സമ്മര്‍ദം ചെലുത്തിയിട്ടും വഴങ്ങാതെ ധൈര്യപൂര്‍വംനിന്ന ഉദ്യോഗസ്ഥ.

സിബിഐ ഉദ്യോഗസ്ഥരെത്തി മൃതദേഹം പരിശോധിക്കുകയും പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് കാണുകയും ചെയ്തതോടെയാണ് പൊലീസിന്‍റെ കൊടുംക്രൂരതയുടെ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. കടുത്ത സമ്മര്‍ദം ഉണ്ടായിട്ടും സൂരജ് സിങ്ങിന്‍റെ മൃതദേഹം സൗമ്യ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. തുടര്‍പരിശോധനകള്‍ക്കും അന്വേഷണത്തിനുമായി ഷിംല ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചു. പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള ചണ്ഡിഗഡിലെ സിബിഐ കോടതി സ്പെഷല്‍ ജഡ്ജി അല്‍ക്കാ മാലിക്കിന്‍റെ വിധിന്യായത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ‘മേലുദ്യോഗസ്ഥന്‍റെ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങാത്ത പ്രോസിക്യൂഷന്‍ വിറ്റ്നസ് 25 ആയ സൗമ്യ സാംബശിവന്‍റെ മൊഴിയാണ് കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായത് എന്ന്’.

പാലക്കാട് ജനിച്ച സൗമ്യ സാംബശിവന്‍ ഇപ്പോള്‍ ഹിമാചല്‍പ്രദേശിലെ മണ്ഡി സെന്‍ട്രല്‍ റേഞ്ച് ഡിഐജിയാണ്. 2010 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതിയെയും സിബിഐ തന്നെയാണ് കണ്ടെത്തി ശിക്ഷവാങ്ങിച്ചുകൊടുത്തത്. അനില്‍ കുമാര്‍ എന്നയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹിമാചല്‍പ്രദേശ് ഹൈക്കോടതിയാണ് ബലാല്‍സംഗ കൊലയും കസ്റ്റഡിക്കൊലപാതകവും സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. 

ENGLISH SUMMARY:

Meet Soumya Sambasivan, the “Lady Singham” from Himachal Pradesh, a Malayali IPS officer who has bravely stood up against higher authorities within the police force to uphold justice. Known for her integrity and dedication, she has become a beloved figure in the beautiful state of Himachal Pradesh. For Soumya, the IPS and her posting in Himachal Pradesh were both a cherished career goal and a dream come true.