തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ ചാവക്കാട്ടുകാരായ ഫസലും നെജിലും രാസലഹരിക്കടത്തുകാരാണ്. നാല്‍പത്തിയേഴു ഗ്രാം എം.ഡി.എം.എ. കിട്ടി. തൃശൂര്‍ സിറ്റി പൊലീസിന്‍റെ ലഹരിവിരുദ്ധ സേനയുടെ വലയില്‍ വീണവര്‍. രാസലഹരി എങ്ങനെ കിട്ടി? എവിടെ നിന്ന് കിട്ടി?. സാധാരണ രാസലഹരി പിടിച്ചാല്‍ തുടരന്വേഷണം ഉണ്ടാകാറില്ല. ഇവിടെ. അന്വേഷണം ഉണ്ടായി. ഉദ്യോഗസ്ഥര്‍ ചെന്നെത്തിയത് കര്‍ണാടകക്കാരന്‍ ഭരതിന്‍റെ വീട്ടില്‍. ബംഗ്ലുരുവിലാണ് വീട്. ഭരതിനെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തു. ആരാണ് നിങ്ങള്‍ക്ക് രാസലഹരി നല്‍കുന്നത്?. ആര്‍ക്കാണ് പണം അയച്ചു കൊടുക്കുന്നത്?. അന്വേഷണം ചെന്നെത്തിയത് ബീഹാറുകാരി സീമ സിന്‍ഹയില്‍
ട്യൂഷന്‍ ടീച്ചര്‍
ഡല്‍ഹിയിലാണ് താമസം. സീമ സിന്‍ഹയ്ക്കു അന്‍പത്തിരണ്ടു വയസുണ്ട്. ട്യൂഷന്‍ ടീച്ചറാണ്. നൈജീരിയക്കാരുടെ മക്കള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നു. അപ്പോള്‍ വന്ന ഓഫറാണ്, ബാങ്ക് അക്കൗണ്ടിലേക്ക് പണം വരും. അത് ഞങ്ങള്‍ എടുക്കും. മാസം ഒരു ലക്ഷം രൂപ ശമ്പളം തരാം. സ്വന്തം അക്കൗണ്ടിന്‍റെ നിയന്ത്രണം നൈജീരിയക്കാരന് നല്‍കി. മാസം ഒരു ലക്ഷം കിട്ടി തുടങ്ങിയതോടെ സീമ സിന്‍ഹ ട്യൂഷന്‍ നിര്‍ത്തി.
നൈജീരിയക്കാരന്‍റെ ആവശ്യപ്രകാരം വീണ്ടും അഞ്ച് അക്കൗണ്ടുകള്‍ കൂടി വിവിധ ബാങ്കുകളില്‍ തുടങ്ങി. അതിലേയ്ക്കെല്ലാം പണമെത്തി. കേരളത്തില്‍ നിന്ന് രാസലഹരി വാങ്ങുന്നവര്‍ പണം അയയ്ക്കേണ്ടത് സീമ സിന്‍ഹയുടെ അക്കൗണ്ടിലേയ്ക്കാണ്. ഇവരെ പിടിക്കണം. രാസലഹരി കടത്തിന്‍റെ കണ്ണികള്‍ പൊട്ടിയ്ക്കണം. ഡി.ഐ.ജി: ഹരിശങ്കറും സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയും തീരുമാനിച്ചു. പ്രത്യേക സ്ക്വാഡിനെ രൂപികരിച്ചു. എ.സി.പി.: സലീഷ് എന്‍ ശങ്കരനും ഇന്‍സ്പെക്ടര്‍ ജിജോയും സബ് ഇന്‍സ്പെക്ടര്‍ ബിപിന്‍ നായരും അടങ്ങുന്ന സംഘത്തെ മേല്‍നോട്ട ചുമതല ഏല്‍പിച്ചു. എസ്.ഐ: രഘു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരീഷും ദീപക്കും അജ്മലും അഞ്ജിതയും ലിഷയും ഹരിയാനയിലേക്ക് ട്രെയിന്‍ കയറി.
ആളെ പിടിച്ചു, കടമ്പകള്‍ ഏറെ
സീമ സിന്‍ഹയുടെ വിലാസം ബാങ്കില്‍ നിന്ന് കിട്ടി. ഹരിയാനയിലെ വാടകവീട്ടില്‍ നിന്ന് ആളെ പിടിച്ചു. വിമാന മാര്‍ഗം വേഗം കേരളത്തില്‍ എത്തിക്കാനായിരുന്നു നീക്കം. കാരണം, ലഹരിക്കടത്തു സംഘത്തിന്‍റെ അക്കൗണ്ട് മാനേജരാണ്. ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. കോടതിയില്‍ ഹാജരാക്കി കേരളത്തിലേക്ക് എത്രയും വേഗം പുറപ്പെടാന്‍ തീരുമാനിച്ചു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ബഹളംവച്ചതോടെ വിമാനയാത്ര മുടങ്ങി. പിന്നെ, യാത്ര ട്രെയിനിലാക്കേണ്ടി വന്നു. തൃശൂരില്‍ എത്തിച്ച് ചോദ്യംചെയ്ത ശേഷം ഗീത സിന്‍ഹയെ റിമാന്‍ഡ് ചെയ്തു.
സ്പെയര്‍പാര്‍ട്സ് കച്ചവടം
നൈജിരീയക്കാരന്‍ ആദ്യം പറഞ്ഞത് സ്പെയര്‍പാര്‍ട്സ് കച്ചവടമാണെന്നാണ്. പിന്നെ, സീമ സിന്‍ഹയ്ക്കു മനസിലായി. നേരാവണ്ണം വരുന്ന കാശല്ല അക്കൗണ്ടില്‍ എത്തുന്നതെന്ന്. മേലനങ്ങാതെ ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളം ലഭിച്ചതോടെ മൗനം നടിച്ചു. അലഹാബാദ് പൊലീസ് നേരത്തെ ഒരു അക്കൗണ്ട് മരവിപ്പിച്ചിരുന്നു. രാസഹലരി നിര്‍മിക്കുന്നത് നൈജീരിയന്‍ സംഘമാണ്. ഇന്ത്യയില്‍ എത്തി ഇവര്‍ തമ്പടിക്കുന്നത് ഡല്‍ഹിയിലാണ്.
എം.ഡി.എം.എ. കുക്ക് ചെയ്യുന്നതും ഇത്തരം സംഘമാണ്. ലഹരിനിര്‍മാതാക്കളായ ഇത്തരക്കാരെ കണ്ടെത്തി നാടുകടത്താതെ രാജ്യത്തെ രാസലഹരി കച്ചവടം നില്‍ക്കില്ല. തൃശൂര്‍ സിറ്റി പൊലീസ് അന്വേഷണം നിര്‍ത്തുന്നില്ല. നൈജീരിയക്കാരനേയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരും. ഡി.ജി.പി.: റാവഡ ചന്ദ്രശേഖരന്‍ ചുമതലയേറ്റെടുത്ത ശേഷം ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. ലഹരിക്കടത്ത് അവസാനിപ്പിക്കുമെന്ന്. അതിന്‍റെ ആദ്യ വെടി തൃശൂരില്‍ നിന്ന് പൊട്ടിച്ചു തുടങ്ങി.