ചൊവ്വാഴ്ച ദക്ഷിണ ഡൽഹിയിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ട 21 കാരനായ റോമിൽ വോറ ഒരു വർഷത്തിലേറെയായി ഹരിയാന പോലീസിന് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളാണ്. കൊലപാതകം, പിടിച്ചുപറി, വെടിവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഒന്‍പത് ക്രിമിനൽ കേസുകളിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. യമുനനഗറിലും ഹരിയാനയിലെ സമീപ പ്രദേശങ്ങളിലുമുള്ള മദ്യരാജാക്കന്‍മാരെയും മറ്റ് ബിസിനസുകാരെയും കൊള്ളയടിക്കുന്നത് ലക്ഷ്യമാക്കിയ കുപ്രസിദ്ധ കാല, നോണി റാണ സഹോദരന്മാരുടെ സംഘത്തിലെ ഒരു ഷാർപ്പ്ഷൂട്ടറായിരുന്നു റോമിൽ. ഹരിയാന സർക്കാർ പ്രഖ്യാപിച്ച 3.10 ലക്ഷം രൂപ തലയ്ക്ക് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും ഹരിയാന പോലീസിന്‍റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചൊവ്വാഴ്ച രാവിലെ കിഷൻ ഗഡിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് റോമില്‍ വോറയ്ക്ക് വെടിയേറ്റത്.
മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന റോമില്‍ വോറയെ പോലീസ് സംഘം തടഞ്ഞുനിർത്തിയപ്പോള്‍ റോമിൽ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ തിരിച്ചടിച്ച പൊലീസ് വെടിവയ്‌പ്പിലൂടെ റോമിലിനെ കീഴടക്കി. പരുക്കേറ്റ റോമില്‍ പിന്നീട് മരിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് വിദേശ നിർമ്മിത പിസ്റ്റൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അനധികൃത മദ്യ വിതരണത്തിനും ഗൂഢാലോചന കേസുകളിലുമായി ഇയാളുടെ മാതാപിതാക്കളും ജയിലിലാണ്.
സ്കൂള്‍ കാലം മുതല്‍ തന്നെ ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന റോമില്‍ പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം യമുനനഗറിലെ ഒരു കോളേജിൽ ബാച്ചിലർ ഓഫ് കൊമേഴ്‌സ് പ്രോഗ്രാമിൽ ചേർന്നു. ഈ സമയത്താണ് നോണി റാണയുമായി പരിചയപ്പെടുന്നത്. പിന്നീട് നോണി തന്നോടൊപ്പം ജോലി ചെയ്യാന്‍ റോമിലിനോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ റോമില്‍ വോറ റാണ സഹോദരന്മാരുടെ സംഘത്തിൽ ചേര്‍ന്നു. നോണിയുടെ നിർദ്ദേശപ്രകാരമാണ് റോമിൽ നാല് കൊലപാതകങ്ങളും എട്ട് മാസത്തിനുള്ളിൽ ഹരിയാനയിലും പഞ്ചാബിലുമായി രണ്ട് വെടിവയ്പ്പുകളും നടത്തിയത്.
ജൂൺ 13 ന് കുരുക്ഷേത്രയിൽ മദ്യവ്യവസായി ശന്തനുവിന്‍റെ കൊലപാതക ഉത്തരവാദിത്തം റാണ സഹോദര സംഘം ഏറ്റെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ, യമുനനഗറിലെ ഒരു ജിമ്മിന് പുറത്ത് റോമിലും കൂട്ടാളികളും ചേർന്ന് മൂന്ന് പേരെ വെടിവച്ചു കൊന്നതായും കേസുണ്ട്. കുരുക്ഷേത്രയിലും ഹരിയാനയിലെ യമുനനഗറിലും ലോറൻസ് ബിഷ്‌ണോയി സംഘവുമായി സഹകരിച്ചാണ് കലാ റാണ പ്രവർത്തിച്ചിരുന്നതെന്ന് ഒരു പൊലീസ് പറഞ്ഞു. ഈ ജനുവരിയിൽ കല റാണയുടെ യമുനനഗറിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.