കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച് ശല്യം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ആനാട് മൂഴി ഊരാളിക്കോണത്ത് തടത്തരികത്തു വീട്ടിൽ പള്ള് ഷിബു എന്ന പേരിൽ അറിയപ്പെടുന്ന എസ്. ഷിബുവിനെയാണ് (47) നെടുമങ്ങാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു സംഭവം. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് - പുത്തൻപാലം വഴി നെടുമങ്ങാട്ടേയ്ക്ക് പോയ ബസ് കല്ലിയോട് എത്തിയപ്പോഴാണ് സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായത്. ആനാട് സ്വദേശിനിയായ യാത്രക്കാരിയെ ഇയാൾ കടന്നു പിടിച്ചു ശല്യം ചെയ്യാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ശല്യം സഹിക്കവയ്യാതെ യാത്രക്കാരി ബഹളം വച്ചതോടെ ബസിലെ മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ശേഷം പൊലീസിനെ ബന്ധപ്പെട്ടു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി ഷിബുവിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.