TOPICS COVERED

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ് വഴിത്തിരിവിലേക്ക്. കുഞ്ഞിനെ കൊന്നത് കുട്ടിയുടെ അമ്മ തന്നെയെന്ന് പ്രതി ഹരികുമാറിന്‍റെ നിര്‍ണായക മൊഴി. തിരുവനന്തപുരം റൂറല്‍ എസ്.പി  കെ.എസ് സുദര്‍ശനോട് ജയിലില്‍ വെച്ചാണ് ദേവേന്ദുവിന്‍റെ അമ്മാവന്‍ മൊഴി നല്‍കിയത്. ഇതോടെ അമ്മ ശ്രീതുവിനെയും ഹരികുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടി.

നാലര മാസമുന്‍പാണ് ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത്. അമ്മയും അച്ഛനും അമ്മാവനും സഹോദരനുമൊപ്പം ഈ വീട്ടില്‍ കഴിഞ്ഞിരുന്ന ദേവേന്ദുവിനെ, ജനുവരി 30ന് പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു. ഏക പ്രതി അമ്മാവന്‍ ഹരികുമാര്‍ എന്ന് കരുതിയ കേസിലാണ് പുതിയ വഴിത്തിരിവ്

ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവിന്‍റെ സഹോദരന്‍ ഹരികുമാര്‍ സ്വന്തം സഹോദരിയോടുള്ള വഴിവിട്ട താല്‍പര്യത്തിന് കുഞ്ഞ് തടസമാണെന്ന് ദേഷ്യത്തില്‍ കൊന്നെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഹരികുമാറിനെ മാത്രം പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് നിര്‍ണായക മൊഴി വരുന്നത്. മൂന്നാഴ്ച മുന്‍പ്, തിരുവനന്തപുരം റൂറല്‍ എസ്.പി കെ.എസ് സുദര്‍ശന്‍ ജയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഹരികുമാര്‍ എസ്.പിയെ കാണാനെത്തി. കുഞ്ഞിനെ കൊന്നത് താനല്ലെന്നും സഹോദരി ശ്രീതുവാണെന്നും പറഞ്ഞു. തന്നെ കുടുക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്നും അവകാശപ്പെട്ടു. 

ഇതിന് ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും ഇക്കാര്യം ആവര്‍ത്തിച്ചു. പക്ഷെ  പൊരുത്തക്കേടുകളുണ്ട്. ഇതോടെയാണ് ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. നേരത്തെ ദേവേന്ദുവിന്‍റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യം  അന്വേഷണത്തില്‍ ശ്രീതുവിനെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ല.സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതുവും ജയിലിലാണ്. 

ശ്രീതു നുണപരിശോധനക്ക് തയാറാകുമോയെന്നതാണ് ഏറ്റവും പ്രധാനകാര്യം. ആയാലും ഇല്ലങ്കിലും, ഹരികുമാറിനെ മാത്രം പ്രതിയാക്കി കുറ്റപത്രം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ച പൊലീസ് വിശദ അന്വേഷണത്തിലേക്ക് കടക്കുകയാണ്. സത്യം തേടി. 

ENGLISH SUMMARY:

Balaramapuram Devendu death case; crucial statement out