ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം മെസേജുകൾ അയച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവിനെ ചിറ്റാർ പൊലീസ് പിടികൂടി. ഓമല്ലൂർ പുത്തൻപീടിക സ്വദേശി വിനീഷ് രവീന്ദ്രനാണ് (23) അറസ്റ്റിലായത്. ഈ വർഷം ഫെബ്രുവരി 27 നും മാർച്ച് 25 നുമിടയിലുള്ള കാലയളവിലാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളിൽ നിന്നും ഇയാളുടെ ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയച്ചുവാങ്ങിയത്.
ഇൻസ്റ്റഗ്രാം, ട്രൂകോളർ, വാട്സ്ആപ്പ് എന്നിവയിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം പെൺകുട്ടിക്ക് മെസേജ് അയക്കുകയായിരുന്നു യുവാവ്. നഗ്ന ചിത്രങ്ങൾ വാങ്ങിയശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി, രാത്രി വീട്ടിൽ വരുമ്പോൾ കതക് തുറന്നിടണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഫോട്ടോകൾ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി.
ചിറ്റാർ പൊലീസിന് പരാതി കിട്ടിയതോടെ വീട്ടിലെത്തി അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. എ.എസ്.ഐ സുഷമ കൊച്ചുമ്മനാണ് മൊഴി എടുത്തത്. പൊലീസ് ഇൻസ്പെക്ടർ ബി. രാജഗോപാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിൽ 11 ന് രാത്രി 8.30 ന് പ്രതിയെ പത്തനംതിട്ടയിൽ നിന്നും പിടികൂടുകയായിരുന്നു. ചിറ്റാർ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ വാട്സ്ആപ്പിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം 12 ന് രാവിലെ 10 ന് അറസ്റ്റും രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.