ഇരട്ടക്കൊല, തൃശൂര്‍ കാട്ടൂര്‍ പൊലീസ് തിരഞ്ഞത് കൊലയാളിയെ?. ജൂണ്‍ രണ്ടിന് ഉച്ചയോടെ ഭാര്യ രേഖയേയും അമ്മ മണിയേയും ശ്വാസംമുട്ടിച്ചു കൊന്നത് ഭര്‍ത്താവ് പ്രേംകുമാര്‍. ആദ്യ ഭാര്യയായ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊന്നവന്. കോട്ടയം സ്വദേശിയാണ്. അഞ്ചു വര്‍ഷത്തിനിടെ മൂന്നു കൊലപാതകങ്ങള്‍. കൊലയാളിയുടെ പശ്ചാത്തലം അറിഞ്ഞ പൊലീസ് സമയം പാഴാക്കിയില്ല. ഇരിങ്ങാലക്കുടയ്ക്കു സമീപമുള്ള പടിയൂരില്‍ രണ്ടു പേരെ കൊന്ന പ്രേംകുമാര്‍ എവിടേയ്ക്കു മുങ്ങി?. എങ്ങനെ മുങ്ങി?.
ആദ്യം തിരഞ്ഞത് സിസിടിവി
ജൂണ്‍ രണ്ടിന് ഉച്ചയോടെ കൊല നടന്നു. പൊലീസ് അറിയുന്നത് ജൂണ്‍ നാലിന്. കൊലയാളിയുടെ സഞ്ചാരപഥം വേഗത്തിലായിരുന്നു. പൊലീസ് കാര്യങ്ങള്‍ അറിഞ്ഞു വരുമ്പോഴേക്കും മുങ്ങാന്‍ നാല്പത്തിയെട്ടു മണിക്കൂര്‍ കിട്ടി. തൃശൂര്‍ റയില്‍വെ സ്റ്റേഷനിലെ സിസിടിവിയായിരുന്നു പൊലീസ് ആദ്യം തിരഞ്ഞത്. പടിയൂരില്‍ നിന്ന് തൃശൂരില്‍ എത്താനെടുത്ത സമയം. അങ്ങനെ, ക്യാമറകള്‍ പരതി. തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിനില്‍ പ്രേംകുമാര്‍ കയറി പോകുന്നത് കണ്ടു. പിന്നെ, തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും തിരഞ്ഞു. അതാ, തിരുവനന്തപുരം സ്റ്റേഷനില്‍ നിന്ന് ദേ വീണ്ടും പ്രേംകുമാര്‍ ട്രെയിന്‍ കയറുന്നു. കണ്ണൂരിലേയ്ക്കുള്ള ട്രെയിനില്‍. തെക്കു മുതല്‍ വടക്കുവരെയുള്ള ജില്ലാ ആസ്ഥാനങ്ങളിലെ റയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകള്‍ക്കു മുമ്പില്‍ പൊലീസ് നങ്കൂരമിട്ടു. കോഴിക്കോട്ടിറങ്ങിയ പ്രേംകുമാര്‍ ഡല്‍ഹിയിലേയ്ക്കുള്ള ട്രെയിനില്‍ കയറിയതായി ബോധ്യപ്പെട്ടു. പിന്നാലെ പൊലീസ് ഡല്‍ഹിയിലേക്ക്. അവിടെ ചെന്ന് ഡല്‍ഹി റയില്‍വേ സ്റ്റേഷനിലെ കാമറകള്‍ അരിച്ചുപെറുക്കി. മെട്രോയില്‍ കയറി പോകുന്നത് കണ്ടു. പിന്നീടുള്ള അന്വേഷണം ചെന്നെത്തിയത് കേദാര്‍നാഥിലേയ്ക്ക്. പിറ്റേന്നു രാവിലെ കേദാര്‍നാഥ യാത്ര പൊലീസ് പ്ലാന്‍ ചെയ്തു.
ഉത്തരാഖണ്ഡ് പൊലീസിന്റെ വിളി
‘‘കേരള പൊലീസ് തിരയുന്ന കില്ലര്‍ കേദാര്‍നാഥില്‍ മരിച്ചിട്ടുണ്ട്. ആശുപത്രിയിലായിരുന്നു മരണം. മകളുടെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. നെഞ്ചുവേദനയായി ആശുപത്രിയില്‍ തനിച്ചു വന്നതാണ്. പിന്നാലെ, മരിച്ചു’’. ഡല്‍ഹിയില്‍ തങ്ങുന്ന എസ്.ഐ: പി.എം.മൂസയും സംഘവും നേരെ കേദാര്‍നാഥിലേയ്ക്കു തിരിച്ചു. കേരള പൊലീസ് ചെല്ലുമ്പോള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആത്മഹത്യയല്ലെന്ന് പൊലീസിന് സൂചന ലഭിച്ചു. നേരത്തെ ഹൃദ്രോഗിയായിരുന്നു പ്രേംകുമാര്‍. ഈയിടെ ഹൃദ്രോഗത്തിന് ചികില്‍സ തേടിയിരുന്നു. ആദ്യ ഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയേയും അമ്മയേയും കൊന്ന ശേഷം കേദാര്‍നാഥിലേയ്ക്കു വച്ചുപിടിച്ചു. രണ്ടാം ഭാര്യയുടെ സ്വര്‍ണവും പണവും കൈക്കലാക്കിയുള്ള യാത്ര.
കൊറിയര്‍ വന്നു മകളുടെ വിലാസത്തില്‍
ആദ്യഭാര്യ ഉദയംപേരൂര്‍ സ്വദേശി വിദ്യ കൊല്ലപ്പെട്ട ശേഷം രണ്ടു മക്കളേയും തിരിഞ്ഞുനോക്കിയിട്ടില്ല പ്രേംകുമാര്‍. അമ്മയും സഹോദരനുമായി അകന്നു. മൂന്നാം കൊലയ്ക്കു ശേഷം നാടുവിട്ട പ്രേംകുമാര്‍ മകള്‍ക്കെഴുതി. തെറ്റിന്റെ വഴികളെക്കുറിച്ച്. ഇനി ഒരിക്കലും അന്വേഷിക്കരുത്. കാണാന്‍ പറ്റില്ലെന്ന വിവരവും. കേദാര്‍നാഥിലേയ്ക്കുള്ള ആയാസം നിറഞ്ഞ യാത്രയില്‍ കൊലയാളിയുടെ ഹൃദയം തളര്‍ന്നു കാണണം. പിന്നാലെ, കേരള പൊലീസ് എത്തുമെന്ന ഭയവും. വീണ്ടും ജയില്‍വാസം വേണ്ടിവരുമോയെന്ന ആശങ്ക. എല്ലാംകൊണ്ടും തളര്‍ന്ന പ്രേംകുമാര്‍ പൊലീസിന്റെ പിന്നാലെയുള്ള വരവില്‍ ഏറെ ഭയപ്പെട്ടിരുന്നു. ഫോണ്‍ ഉപയോഗിക്കാതെ സ്ഥലം കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന കൊലയാളിയുടെ ആത്മവിശ്വാസം തകര്‍ത്തു കേരള പൊലീസ്. ഡിവൈ.എസ്.പി.: കെ.ജി.സുരേഷ്, കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ : ഇ.എം.ബൈജു, സ്ക്വാഡ് എസ്.ഐ: പി.എം.മൂസ എന്നിവരടങ്ങുന്ന സംഘം കൊലയാളിയെ കണ്ടെത്താന്‍ നടത്തിയ തിരച്ചില്‍ യാത്ര സിനിമയെ വെല്ലുന്നതാണ്.