AI Generated image
കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് പൊലീസുകാരെയും നാട്ടുകാരെയും ഒരുപോലെ ചിരിപ്പിച്ചു. പാസ്‌പോർട്ട് ഓഫിസിന് സമീപം വെച്ച തന്റെ സ്കൂട്ടർ കാണാനില്ലെന്ന് പരാതി നൽകാനെത്തിയതായിരുന്നു യുവാവ്. നന്നായി മദ്യപിച്ചെത്തിയ യുവാവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ഉടനടി സ്കൂട്ടര്‍ കണ്ടുപിടിക്കാനുള്ള പരിശോധനയും തുടങ്ങി.
യുവാവ് സ്കൂട്ടര്‍ വച്ചു എന്ന് അവകാശപ്പെട്ട പാസ്‌പോർട്ട് ഓഫിസിന്റെ പരിസരത്തും മറ്റു സമീപ പ്രദേശങ്ങളിലും പൊലീസ് സംഘം സ്കൂട്ടറിനായി അരിച്ചുപെറുക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. സ്കൂട്ടര്‍ കണ്ടെത്താനായില്ല. രണ്ടുദിവസത്തിനുശേഷം മദ്യത്തിന്‍റെ കെട്ടിറങ്ങിയപ്പോഴാണ് സ്കൂട്ടര്‍ വച്ച സ്ഥലം യുവാവിന് പെട്ടന്ന് ഓര്‍മ വന്നത്. പാസ്‌പോർട്ട് ഓഫിസെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തിൽ കോൺവന്റ് സ്ക്വയറിലാണ് സ്കൂട്ടർ വെച്ചിരുന്നത്.
ഓര്‍മ വന്നയുടന്‍ തന്നെ യുവാവ് ആ സ്ഥലത്തേയ്ക്ക് പോയി സ്കൂട്ടര്‍ കണ്ടെത്തുകയും ആ വിവരം പൊലീസിനെ വിളിച്ച് അറിയിച്ച് കേസ് പിന്‍വലിക്കുകയും ചെയ്തു. മദ്യലഹരിയിൽ താൻ സ്കൂട്ടർ വെച്ച സ്ഥലം മറന്നുപോയതാണെന്നും, പിന്നീട് ഓർമ്മ വന്നപ്പോൾ എടുത്തതാണെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു.