ഈസ്റ്റ് ഒറ്റപ്പാലത്തെ സുബാത്തുൽ ഇസ്ലാം ജമാഅത്ത് പള്ളിയിൽ മോഷണം നടത്തിയ പ്രതി അടിച്ചുമാറ്റിയത് പെരുന്നാളിന് ബലികർമം നടത്താൻ സൂക്ഷിച്ചു വച്ച 6 ലക്ഷത്തോളം രൂപ. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ കാർ പെൺസുഹൃത്തിനെ കാണിക്കാനായി അട്ടപ്പാടിയിലേക്ക് പോകും വഴിയാണ് പൊലീസ് പ്രതി അബൂബക്കറിനെ കൈയ്യോടെ പൊക്കിയത്.
മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാറുംബാക്കി പണവും പൊലീസ് കണ്ടെത്തി. അബൂബക്കർ ഞായർ പുലർച്ചെയാണ് ഈസ്റ്റ് ഒറ്റപ്പാലത്തെ സുബാത്തുൽ ഇസ്ലാം ജമാഅത്ത് പള്ളിയിൽ മോഷണം നടത്തിയത്. അന്നു വൈകീട്ടോടെ തന്നെ ഒറ്റപ്പാലം പൊലീസ് പ്രതിയെ കുടുക്കി.
മോഷണത്തിന് ശേഷം പ്രതി നേരെ പോയത് നേരെ പാലക്കാട്ടെ യൂസ്ഡ് വെഹിക്കിൾ ഷോറൂമിലേക്കാണ്. 2.55 ലക്ഷം രൂപ മുടക്കി സെക്കന്‍ ഹാന്‍ഡ് കാർ വാങ്ങി. 2.85 ലക്ഷം പൊതിഞ്ഞു വണ്ടിയുടെ ഡിക്കിയിൽ വെച്ചു. നേരെ പോയത് അട്ടപ്പാടിയിലേക്ക്. വാങ്ങിയ കാർ പെൺ സുഹൃത്തിനെ കാണിക്കാനായിരുന്നു യാത്ര. പക്ഷേ പദ്ധതി പാളി. മണ്ണാർക്കാട് എത്തിയപ്പോഴേക്ക് പൊലീസ് വളഞ്ഞു.
ഒടുവിൽ കാറടക്കം തൂക്കി ഒറ്റപ്പാലം സ്റ്റേഷനിൽ എത്തിച്ചു. അബൂബക്കറിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. മോഷണം നടന്ന പള്ളിയിലെ സിസിടിവി പരിശോധിച്ച പൊലീസ് പ്രതിയെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ ടവർ ലൊക്കേഷൻ നോക്കി പൊലീസ് പിന്നാലെയുണ്ടായിരുന്നു.