ഇ.ഡി കേസ് ഒതുക്കി തീര്‍ക്കാന്‍ കൊല്ലത്തെ വ്യവസായിയോട് കൈക്കൂലി റാക്കറ്റിലെ ഇടനിലക്കാരന്‍ പണം ആവശ്യപ്പെടുന്ന നിര്‍ണായക ഫോണ്‍ സംഭാഷണം മനോരമ ന്യൂസിന്. പ്രതികളുടെ ബാങ്ക് ഇടപാട് രേഖകള്‍ വിജിലന്‍സിന് ലഭിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കുന്നത് വൈകുന്നതിനാല്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍കുമാറിന്‍റെ അറസ്റ്റ് നീളുകയാണ്. ശേഖര്‍കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.
ഇ.ഡി കേസ് ഒതുക്കി തീര്‍ക്കാന്‍ നല്‍കേണ്ട കൈക്കൂലിയുടെ അഡ്വാന്‍സ് ആയി 30 ലക്ഷം രൂപ കൈക്കൂലി റാക്കറ്റിലെ ഏജന്‍റും രണ്ടാം പ്രതിയുമായ വില്‍സണ്‍ വര്‍ഗീസ് കശുവണ്ടി വ്യവസായിയോട് ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നു.
പണം നല്‍കിയാല്‍ ഇ.ഡി ബുദ്ധിമുട്ടിക്കില്ല, ഇല്ലെങ്കില്‍ പൂട്ടിക്കളയുമെന്നാണ് വില്‍സണിന്‍റെ ഭീഷണി. ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ കശുവണ്ടി വ്യവസായിക്കെതിരായ റിപ്പോര്‍ട്ട് തയ്യാറാക്കിവച്ചിരിക്കുകയാണെന്ന് വില്‍സണ്‍ പറയുന്നു. പല കേസുകളിലും താന്‍ ഇ.ഡിയുടെ ഇടനിലക്കാരനായിട്ടുണ്ടെന്നും ആദായനികുതി വകുപ്പുമായും നല്ല ബന്ധമുണ്ടെന്നും വില്‍സണ്‍ അവകാശപ്പെടുന്നു.
ഇ.ഡിയുടെ പ്രവര്‍ത്തനം സൂക്ഷമവും വ്യക്തമായി അറിയാവുന്ന ആളെപ്പോലെയാണ് വില്‍സണിന്‍റെ സംഭാഷണം. കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഡേറ്റ പൂര്‍ണമായും ലഭിക്കാത്തതിനാല്‍ ഒന്നാം പ്രതി ഇ.ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത് വൈകും. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് അന്വേഷണത്തെ ബാധിക്കില്ലെന്ന് വിജിലന്‍സ്.
നിരപരാധിയാണെന്നും ഇ.ഡി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് കൊല്ലത്തെ വ്യവസായി തനിക്കെതിരെ ഗൂഢോദ്ദേശത്തോടെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ശേഖര്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം, കേസില്‍ അറസ്റ്റിലായ ഇടനിലക്കാരുമായി ബന്ധമില്ലെന്നാണ് ശേഖര്‍ കുമാറിന്‍റെ വാദം.