കഞ്ചാവ് വലിച്ചതിനു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയാൾ തൂങ്ങിമരിച്ചത് അഡീഷണൽ എസ്പി അന്വേഷിക്കും. കഴിഞ്ഞ മാസം 22 ന് ആണ് കോയിപ്രം സ്വദേശി സുരേഷിനെ കോന്നിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയർന്നത്.
സ്വന്തം സ്ഥലത്തുനിന്ന് വളരെ ദൂരെ കോന്നി ഇളകൊള്ളൂരിൽ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ നാല് വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തി. ശരീരത്ത് ചൂരൽ കൊണ്ട് അടിച്ച പോലെ പാടുകൾ. കഴിഞ്ഞമാസം 17ന് കഞ്ചാവ് വലിച്ചതിന് കോയിപ്രം പൊലീസ് സുരേഷിനെ പിടികൂടി. ബൈക്കും ഫോണും പിടിച്ചെടുത്തു. വിട്ടയച്ചെങ്കിലും വീണ്ടും 19ന് വിളിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞാണ് സുരേഷിന്റെ മരണം. ഇവിടെയാണ് പൊലീസ് മർദ്ദനമെന്ന സംശയം ഉയരുന്നത്. പൊലീസ് അടിച്ചെന്ന് ഡ്രൈവിങ് ജോലിക്ക് പോയ വീട്ടിലെ ആളിനോട് സുരേഷ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
ഒന്നും അറിയില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് 19ന് രാത്രി മടങ്ങി വന്ന സുരേഷിനെ മറ്റാരോ വന്നു കൂട്ടിക്കൊണ്ടുപോയി. പിന്നെ കാണുന്നത് മരിച്ച നിലയിലാണ്. സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് കൂടി വന്നതോടെ ഡി ഐ ജി അജിതാ ബീഗമാണ് അഡീഷണൽ എസ്പി അന്വേഷിക്കാൻ നിർദ്ദേശം നൽകിയത്.