ലോകം ഇന്ന് ഡിജിറ്റലാണ്... എല്ലാ മേഖലകളും ഒന്നിനു പുറകേ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന കാലം. പഴ്സ് കയ്യിലുണ്ടെങ്കില്‍ പോലും പണം പഴ്സില്‍ സൂക്ഷിക്കാത്ത കാലം. അതുകൊണ്ടു തന്നെ ഇന്ന് മിക്കവരും ആശ്രയിക്കുന്നത് ഡിജിറ്റല്‍ പേമെന്‍റ് ആപ്ലിക്കേഷനുകളെയാണ്. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം എന്നിങ്ങനെ ജനപ്രിയമായ ആപ്പുകള്‍ക്ക് പുറമേ ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും സുഗമമായി പേമെന്‍റ് ചെയ്യാം. എന്നാല്‍ ജനപ്രിയയമായ പേമെന്‍റ് ആപ്പുകളുടെ വ്യാജനെതിരെ ജാഗ്രത പുലര്‍ത്തണം എന്നാണ് കേരള പൊലീസ് പറയുന്നത്.
വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് പതിവായി സാധനങ്ങൾ വാങ്ങിയതിനു ശേഷം പണം അടച്ചതിന്‍റെ സ്ക്രീന്‍ കടയുടമയെ കാണിച്ച് പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പൊലീസ് പറയുന്നു. ഗൂഗിള്‍ പേ, പേടിഎം എന്നിങ്ങനെ ജനപ്രിയമായ ആപ്പുകളുടെ വ്യാജനാണ് സജീവമാകുന്നത്. തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറുമില്ല.
ഇത്തരത്തിലുള്ള വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിന് സമാനമായ ഇന്‍റര്‍ഫെയ്സും സമാനമായി പ്രവര്‍ത്തിക്കുന്നവയുമാണ്. അതുകൊണ്ടു തന്നെ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരും. ഇനി ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ തന്നെ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും ഇവര്‍ വിശ്വസിപ്പിക്കുന്നു. അതിനാല്‍ ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതെന്നാണ് കേരള പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.