രണ്ടു വര്‍ഷത്തിനിടെ കണ്ടെത്തിയത് 220 ഓളം മൊബൈല്‍ ഫോണുകള്‍. അവയില്‍ 200 എണ്ണവും ഉടമസ്ഥരെ തിരിച്ചേല്‍പ്പിച്ചു. കോഴിക്കോട് ഉള്ളിയേരി ആനവാതുക്കല്‍ കിഴക്കേവളപ്പില്‍ കെ.വി സുമേഷ് എന്ന സിവില്‍ പൊലീസ് ഓഫിസറാണ് കാണാതായ ഫോണുകള്‍ക്ക് കാവലാളാകുന്നത്. കൂടുതല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നതും അതിഥി തൊഴിലാളികളില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു. നഷ്ടപ്പെട്ട ഫോണുകളില്‍ മിക്കവയും കണ്ടെത്തിയതും അതിഥി തൊഴിലാളികളില്‍ നിന്നാണ്.
ഒരു വര്‍ഷം മുമ്പാണ് താമരശ്ശേരിയിലെ ഹോട്ടലില്‍ വെച്ച് പ്രദേശവാസിയായ ഒരു യുവാവിന്‍റെ വില കൂടിയ ഐഫോണ്‍ കാണാതാവുന്നത്. ഉടമ മറന്നുവെച്ച ഫോണ്‍ കൈക്കലാക്കിയ ഇതരസംസ്ഥാന തൊഴിലാളി അഞ്ചു മാസത്തിനു ശേഷം സ്വന്തം നാടായ ഉത്തര്‍ പ്രദേശില്‍ വെച്ച് ഫോണില്‍ സിംകാര്‍ഡ് ഇട്ടു നോക്കി. സിം ഇടേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കേന്ദ്ര ടെലികോം മന്ത്രാലയത്തിന്‍റെ സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി റജിസ്റ്റര്‍ വെബ്സൈറ്റ് കൊടുവള്ളി സ്റ്റേഷനിലിരുന്ന് നിരീക്ഷിച്ചിരുന്ന സിപിഒയ്ക്ക് ആ മൊബൈല്‍ കണ്ടെത്താന്‍. പിന്നാലെ അയാളെ വിളിച്ച് ചോദ്യം ചോദ്യം ചെയ്തതോടെ കൊറിയര്‍ വഴി മൊബൈല്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചയപ്പിച്ചു. കോഴിക്കോട് റൂറല്‍ സെല്ലിന്‍റെ സഹകരണത്തോടെ കൊടുവള്ളി പൊലീസ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കണ്ടെത്തിയ നൂറാമത്തെ ഫോണായിരുന്നു അത്.
2023 മേയ് മുതല്‍ നാളിതുവരെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ 220 മൊബൈല്‍ ഫോണുകളാണ് സിപിഒ സുമേഷിന്‍റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. ഫോണ്‍ നഷ്ടപ്പെട്ട ആര്‍ക്കും സന്തോഷത്തോടെ കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് കടന്നു വരാമെന്നാണ് ഇന്‍സ്പെക്ടര്‍ കെ.പി അഭിലാഷ് പറയുന്നത്. സുമേഷ് കണ്ടെത്തിക്കൊടുത്ത ഫോണുകളുടെ ലിസ്റ്റില്‍ തുച്ഛ വിലയുള്ള കീപാഡ് ഫോണുകള്‍ വരെയുണ്ട്. കാണാതാവുന്ന ഫോണുകളുടെ ഉപയോക്താക്കളിലധികവും ഇതരസംസ്ഥാനക്കാരാണെന്നാണ് സുമേഷ് പറയുന്നത്. ഇപ്പോഴും 180 ഓളം ഫോണുകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
അന്വേഷണ രീതി ഇങ്ങനെ...
മൊബൈല്‍ കാണാതായാല്‍ ആദ്യം പൊലീസിന്‍റെ ഐ കോപ്സ് സൈറ്റിലും സി.ഇ.ഐ.ആ.റിലും രജിസ്റ്റര്‍ ചെയ്യും. ഫോണിന്‍റെ ഐ.എം.ഇ.ഐ. നമ്പര്‍, പരാതിയുടെ രശീതി, ഫോണ്‍ നമ്പര്‍, ഉടമയുടെ ഐഡി പകര്‍പ്പ് എന്നിവ സി.ഇ.ഐ.ആര്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഇതര സംസ്ഥാനക്കാരുടെ കൈവശമാണ് നഷ്ടമായ ഫോണുകള്‍ ഉള്ളതെങ്കില്‍ അവരെ നേരിട്ടു വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം കൊറിയര്‍ വഴി തിരിച്ചയക്കാന്‍ ആവശ്യപ്പെടും. ഇതര സംസ്ഥാനക്കാരുമായുള്ള ആശയവിനിമയത്തിനായി നടുവണ്ണൂര്‍ വാകയാട് സ്വദേശിയായ സിപിഒ എസ് ശ്രീജേഷും ഹോംഗാര്‍ഡ് താമരശ്ശേരി ചുങ്കം സ്വദേശി അരവിന്ദനുമാണ് സഹായത്തിനെത്താറുള്ളത്.