ലഹരിവിരുദ്ധ സേനയിലെ റിട്ടയേര്‍ഡ് എസ്.ഐ: എന്‍.ജി.സുവ്രതകുമാര്‍ പിടികൂടിയ ലഹരിക്കേസുകളില്‍ മനസില്‍ നിന്ന് മായാതെ നില്‍ക്കുന്ന ഒരു സംഭവമുണ്ട്. തൃശൂര്‍ പേരാമംഗലത്തായിരുന്നു ആ കേസ്. ലോഡ്ജ് മുറിയില്‍ യുവാക്കള്‍ ഒന്നിച്ചിരുന്ന് കഞ്ചാവ് വലിക്കുന്നതായി പൊലീസിന് വിവരം കിട്ടി. വിവരത്തെ തുടര്‍ന്ന് അവിടെ എത്തുന്നു. മുറിയുടെ വാതില്‍ തുറന്ന് അകത്തു കടന്നപ്പോള്‍ കഞ്ചാവ് പുകയാകെ നിറഞ്ഞിരിക്കുന്നു.
എട്ടു യുവാക്കള്‍ അകത്തുണ്ട്. വാതില്‍ തുറന്നപ്പോള്‍ പൂര്‍ണമായും ഭിത്തിയോട് ആ വാതില്‍ തട്ടുന്നില്ല. മാത്രവുമല്ല, വാതിലിനരികില്‍ നിന്നൊരു ശബ്ദം. നോക്കുമ്പോള്‍ വാതിലിന്‍റേയും ഭിത്തിയുടേയും മധ്യത്തില്‍ ഒരു പെണ്‍കുട്ടി.
വിശദമായി ചോദ്യംചെയ്തു. എം.ബി.ബി.എസ്. വിദ്യാര്‍ഥിനി. സേലത്താണ് പഠിക്കുന്നത്. മുറിയിലുണ്ടായിരുന്ന യുവാക്കളിലൊരാളുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടതാണ്. കഞ്ചാവ് വലിക്കാന്‍ പഠിപ്പിച്ചു. അങ്ങനെ, പേരാമംഗലത്തെ ലോഡ്ജ് മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. കുട്ടിയുടെ ഫോണില്‍ നിന്ന് അച്ഛനെ വിളിച്ച് പൊലീസ് കാര്യം പറഞ്ഞു. പൊലീസ് വരുന്നതിന് തൊട്ടു മുമ്പ് പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് പറഞ്ഞത് ‘ ഹോസ്റ്റലിലാണ് , കിടക്കാന്‍ പോകുന്നു’.
സേലത്തെ ഹോസ്റ്റലിലുള്ള കുട്ടി എങ്ങനെ പേരാമംഗലത്തെ കഞ്ചാവു വലി സംഘത്തിനൊപ്പം എത്തി. കുട്ടിയുടെ അച്ഛന്‍ അത് ആദ്യം വിശ്വസിക്കാന്‍ പാടുപ്പെട്ടു. രാത്രിയ്ക്കു രാത്രി അച്ഛനെത്തി കുട്ടിയെ കൊണ്ടുപോയി. കഞ്ചാവോ മറ്റു ലഹരിയോ മുറിയില്‍ നിന്ന് പിടികൂടിയില്ല. അതുക്കൊണ്ട് കേസുണ്ടായില്ല. മക്കളെ എത്രത്തോളം ചേര്‍ത്തു നിര്‍ത്തണമെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ കേസെന്ന് സുവ്രതകുമാര്‍ പറയുന്നു.