തിയേറ്റർ കാലിയാക്കാൻ വ്യാജ ബുക്കിംഗ് നടത്തുന്നുവെന്ന വിവരത്തില്‍, കാസർകോട് കാഞ്ഞങ്ങാട് ബി.ജി.എ. തിയറ്റർ ഉടമ ഹരീഷിനെതിരെ കേസെടുത്ത് പൊലീസ്. ദീപ്തി തിയറ്റർ ഉടമ രാജകുമാറിന്റെ പരാതിയിലാണ് കേസ്. രേഖാചിത്രം സിനിമ ഒരേസമയം രണ്ട് തിയറ്ററിനും ലഭിച്ചതാണ് പകയ്ക്ക് പിന്നിൽ.
ടിക്കറ്റുകൾ കൂട്ടമായി ബുക്ക് ചെയ്തതിനു ശേഷം ഒൻപതാം മിനിറ്റിന് തൊട്ടുമുൻപ് ബുക്ക് ചെയ്തത് മുഴുവൻ റദ്ദാക്കും. വീണ്ടും ബുക്ക് ചെയ്യും. ഇങ്ങനെ ഓരോ 9 മിനിറ്റിലും ടിക്കറ്റ് ബുക്ക് ചെയ്തു കൊണ്ടേയിരുന്നു. മറ്റുള്ളവർ ഓൺലൈനിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ എല്ലാ സീറ്റും ബുക്ക് ചെയ്തതായി കാണും. തിയറ്ററിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് വിതരണം ചെയ്യാൻ നോക്കുമ്പോൾ ഒരു സീറ്റ് പോലും ബാക്കിയില്ലാതെ എല്ലാം ബുക്ക് ചെയ്തിരിക്കും. ജനുവരി പന്ത്രണ്ടാം തീയതി രേഖാചിത്രം സിനിമയുടെ മോണിംങ് ഷോയും മാറ്റിനിയുമാണ് തട്ടിപ്പ് കാരണം മുടങ്ങിയത്.
സാങ്കേതിക തകരാറാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നിയതോടെ പൊലീസിൽ പരാതി നൽകി. വിജിഎം തിയറ്ററിൽ രേഖാചിത്രം നന്നായി ഓടുന്നതിനിടയാണ് ദീപ്തി തിയറ്ററിനും ഈ സിനിമ ലഭിച്ചത്. ഇതിലുള്ള പ്രതിഷേധമാണ് തട്ടിപ്പിന് കാരണം.