AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
കൊല്ലത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ നഗ്നദൃശ്യം മൊബൈലിൽ പകർത്തി കാമുകന് അയച്ച കേസില്‍, പ്രതികളെ വെറുതെ വിട്ട് കോടതി. കൊല്ലത്തെ എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥിനിയായ വയനാട് സ്വദേശിനിയെയും കാമുകനെയുമാണ് കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -1 ജഡ്ജി സൂര്യ. എസ് സുകുമാരൻ വെറുതെ വിട്ടത്.
2011ഫെബ്രുവരി 3നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെയും കാമുകന്റെയും മൊബൈൽ ഫോൺ, ലാപ്പ്ടോപ്പുകൾ എന്നിവയുടെ ഫോറൻസിക് പരിശോധനയിൽ ദൃശ്യം അയച്ചതിന്റെ തെളിവ് കിട്ടാത്തതാണ് പ്രതികൾക്ക് ഗുണമായത്.
എട്ടാം സെമസ്റ്റർ എൻജിനിയറിംഗ് വിദ്യാർത്ഥിനി ശുചിമുറിയിൽ തൂക്കിയിട്ടിരുന്ന ഹാഫ് പാൻസിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് വച്ച് ദൃശ്യം പകർത്തിയെന്നായിരുന്നു സഹപാഠികളുടെ പരാതി. കോളേജ് അധികൃതർ കൈമാറിയ പരാതിയിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെ, അന്ന് വിദ്യാർത്ഥിനിയെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കിളികൊല്ലൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണം അധികം വൈകാതെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. ഒടുവിൽ ഇരവിപുരം പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.