പത്താം ക്ലാസ് വിദ്യാര്‍ഥികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 15കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, കുട്ടികളുടെ ശബ്ദ സന്ദേശം പുറത്ത്.
കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് സംശയിക്കുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. സംഘം 57 എന്ന ഗ്രൂപ്പുവഴിയാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നത്.
കുട്ടികൾ തമ്മിലുള്ള സംഘർഷം നടക്കുന്നതിന് മുന്‍പ്, വിദ്യാര്‍ഥികളിലൊരാള്‍ ഗ്രൂപ്പില്‍ പങ്കുവച്ച ശബ്ദ സന്ദേശം ഇത്തരത്തിലാണ്.. ' ആരാനൊന്നും ഞമ്മക്ക് ഓര്‍മല്യ, ഏതോ സൂര്യനും വര്‍ധനും യാദവൊക്കെ ഇണ്ടെന്ന് പറഞ്ഞ്ക്ക്.. ഞമ്മളെല്ലാം കുത്തും.. ഫാസ്റ്റ് ഫാസ്റ്റാക്കി.. അപ്പോ വേഗം വരീട്ടോ എല്ലാരും ... ഇന്ന് നമ്മള് കുത്തീട്ടേ പോകൂ... ആണുങ്ങളാരേലും ഗ്രൂപ്പിലുണ്ടേല്‍ വേഗം വന്നോളീ..'
ഷഹബാസിനെ കൊല്ലൂന്ന് പറഞ്ഞ പോലെ ചെയ്തിട്ടുണ്ടെ - ഇത് അടി കഴിഞ്ഞ ശേഷം കൂട്ടുകാരന് അയച്ച സന്ദേശത്തില്‍ ഒരു വിദ്യാര്‍ഥി പറയുന്ന വാക്കുകളാണ്. ' ഫഹദേ.. ഞാന്‍ ഒരു കാര്യം പറഞ്ഞീന്.. ഷഹബാസിനെ കൊല്ലൂന്ന്.. ഞാന്‍ പറഞ്ഞത് പറഞ്ഞപോലെ തന്നെ ചെയ്തിട്ടുണ്ടേ.. ഓന്‍റെ കണ്ണൊന്ന് പോയി നേക്കടാ നീ.. ഓന് കണ്ണൊന്നും ഇല്ല..'
എന്നാൽ ഇതേ വിദ്യാര്‍ഥി തന്നെ മരിച്ച ഷഹബാസിന് അയച്ച സന്ദേശത്തില്‍ പ്രശ്നം തീർക്കണമെന്ന തരത്തില്‍ ആവശ്യപ്പെടുന്നുമുണ്ട്. 'ചൊറ ഒഴിവാക്കി കൊണ്ട... ഇങ്ങനെ ആണെന്ന് ഞാന്‍ വിചാരില്ല.. എനെക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്തെങ്കിലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട് കേട്ടോ..' എന്നാണ് ഷഹബാസിന് അയച്ച സന്ദേശത്തില്‍ അതേ വിദ്യാര്‍ഥി പറയുന്നത്.
'കുട്ടികള്‍ മാത്രമല്ല... വല്യവല്യ ആള്‍ക്കാരും വന്നിട്ടുണ്ടെന്ന് ചെക്കന്‍മാര്‍ വന്ന് പറഞ്ഞു. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം' – മര്‍ദ്ദിച്ചവരില്‍ മുതിര്‍ന്നവരും ഉണ്ടെന്നാണ് ഷഹബാസിന്‍റെ മാതാവ് കെപി റംസീന പറയുന്നത്.
തിരുവനന്തപുരത്തെ കൂട്ടക്കൊലയ്ക്ക് പിന്നാലെയാണ് നടുക്കുന്ന മറ്റൊരു കൊലപാതക വാർത്ത കൂടിയെത്തിയത്. കുട്ടിയുടെ തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചുങ്കം പലോറക്കുന്ന് സ്വദേശി മുഹമ്മദ് ഷഹബാസ് പുലർച്ചെയണ് മരിച്ചത്. സംഭവത്തിൽ 15 വയസുകാരായ 5 വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ് പൊലീസ്. ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുന്പില്‍ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു വിദ്യാർഥികൾ തമ്മിലുള്ള കൂട്ടയടി. താമരശേരി ഹയർ സെക്കൻററി സ്കൂളിലേയും, എംജെ ഹയർ സെക്കൻ്ററി സ്കൂളിലേയും ഒരു കൂട്ടം വിദ്യാർഥികൾ തമ്മിലടിച്ചത്. അടി കഴിഞ്ഞ് വൈകിട്ട് 7 മണിക്ക് ശാരീരിക ബുദ്ധിമുട്ടുകളോടെ സ്വന്തം വീട്ടിലെത്തിയ ഷഹബാസ് മുറിയിൽ കയറി ഒറ്റക്കിടപ്പായിരുന്നു.
തലയ്ക്ക് ശക്തമായ അടിയേറ്റതിനാൽ, രാത്രിയോടെ അവൻ എഴുന്നേറ്റ് ഛർദിക്കാൻ തുടങ്ങി. ഇത് കണ്ട മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ, പുലർച്ചെ മെഡിക്കൽ കോളജിലെത്തിച്ചു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
പുറമെ കാണുമ്പോൽ, കുട്ടിക്ക് വലിയ പരിക്ക് ഇല്ലെങ്കിലും, കൂട്ടുകാര്‍ കൂട്ടം ചേര്‍ന്ന് തല്ലിയപ്പോള്‍, തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണം.
കട്ടിയേറിയ ആയുധം ഉപയോഗിച്ചുള്ള അടിയിൽ, വലതുചെവിയുടെ മുകളില്‍ തലയോട്ടി പൊട്ടിയെന്നാണ് പോസ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിലടക്കം വ്യാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ മുതൽ വെന്‍റിലേറ്ററിലായിരുന്ന ഷഹബാസ് മരുന്നുകളോട് പ്രതികരിക്കുന്ന അവസ്ഥയിലായിരുന്നില്ല. അർധരാത്രിയോടെ സ്ഥിതി വഷളായി. ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു.