dysp-drunkan

TOPICS COVERED

മദ്യപിച്ച് അപകടകരമായ രീതിയിൽ ഔദ്യോഗിക വാഹനം ഓടിച്ചതിന് അറസ്റ്റിലായ ഡി.വൈ.എസ്.പിക്കെതിരെ ഇതുവരെയും നടപടിയെടുക്കാതെ ആഭ്യന്തരവകുപ്പ്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി.അനിൽ കുമാറിനെതിരെയാണ് ഇതുവരെയും നടപടിയുണ്ടാകാത്തത്. ഡി.വൈ.എസ്.പിയുടെ പരാക്രമത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു

Read Also: മദ്യപിച്ച് പിഞ്ചുകുഞ്ഞുമായി പൊലീസ് ജീപ്പില്‍ പാഞ്ഞ് ഡിവൈഎസ്പി; ഒടുവില്‍ കേസ്

ഞായറാഴ്ച വൈകിട്ടായിരുന്നു അരൂർ തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ സംസ്ഥാന  ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി.അനിൽ കുമാറിന്റെ പരാക്രമം. മദ്യപിച്ച് ഔദ്യോഗിക വാഹനം അപകടകരമായ രീതിയിൽ ഓടിച്ച ഡി.വൈ.എസ്.പിയെ മനോരമ ന്യൂസ് സംഘത്തിന്റെ തുടർച്ചയായ സമ്മർദത്തെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിയുകയും ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഡിവൈഎസ്പിയെ ജാമ്യത്തിൽ വിട്ടു. ചട്ടവിരുദ്ധമായാണ് ഇയാൾ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത്. 

 

ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ഇയാൾ കസ്റ്റഡിയിൽ ആയതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് വിവരങ്ങൾ തേടിയിരുന്നു. എന്നാൽ ഒന്നര ദിവസമായിട്ടും ഇതുവരെ നടപടി ഒന്നുമുണ്ടായിട്ടില്ല. അനിൽകുമാറിനെ കസ്റ്റഡിയിലെടുക്കാനുണ്ടായ അതേ ഉദാസീനതയാണ് നടപടിയുടെ കാര്യത്തിലും കാണുന്നത്. ഇന്നലെ വൈകിട്ട് മാത്രമാണ് രഹസ്യാന്വേഷണ  വിഭാഗത്തിന്റെ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി വഴി ഡിജിപിക്ക് കൈമാറിയത്. മാധ്യമ വാർത്തകൾ സഹിതമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പൊലീസ് സേനയ്ക്കാതെ നാണക്കേട് ഉണ്ടാക്കിയ മുതിർന്ന ഉദ്യോഗസ്ഥനെതിരെ സമയബന്ധിതമായി നടപടി എടുക്കാത്തതിൽ വലിയ വിമർശനമാണ് വരുന്നത്.

ENGLISH SUMMARY:

No action against Dysp