മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പില്‍ ഞെട്ടിപ്പിക്കുന്ന പരാക്രമം നടത്തി പൊലീസ് ഉന്നതോദ്യോഗസ്ഥന്‍. അപകടമേഖലയായ അരൂർ- തുറവൂർ ഉയരപ്പാത നിർമാണ മേഖലയില്‍ നിയമംലംഘിച്ചും അമിതവേഗത്തിലും സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി വി.അനിൽകുമാർ ജീപ്പ് ഓടിച്ചപ്പോള്‍ അഞ്ചു വയസുള്ള കുട്ടിയും ഒപ്പം ഉണ്ടായിരുന്നു. അപകടകരമായ യാത്ര തടയാനായി 20 വട്ടമെങ്കിലും പൊലീസ് സ്റ്റേഷനുകളിലേക്ക് മനോരമ ന്യൂസ് സംഘം വിളിച്ചെങ്കിലും പൊലീസ് എത്തിയത് ഒന്നരമണിക്കൂറിനുശേഷം മാത്രമാണ്. യാത്രയുടെ തുടക്കം മുതൽ പൊലീസ് പിടിയിലാകുന്നത് വരെയുള്ള നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു. പിന്നാലെ മദ്യപിച്ച് വാഹനമോടിച്ച ഡി.വൈ.എസ്.പി വി.അനില്‍ കുമാറിനെതിരെ കേസെടുത്തു. മദ്യപിച്ച് അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസെടുത്തത്.
ഞായറാഴ്ച്ച വൈകീട്ട് അഞ്ചരയ്ക്ക്, കൊച്ചി കുമ്പളം ടോൾ പ്ലാസക്ക് സമീപം മുൻവശത്തെ ടയർ പഞ്ചറായി കിടക്കുന്ന പൊലീസ് ജീപ്പ് ദൃശ്യങ്ങളില്‍ കാണാം. ജീപ്പിന്‍റെ മുൻ സീറ്റുകളിൽ ഉറങ്ങുന്ന രണ്ടുപേർ. ജീപ്പിന്‍റെ മുൻവശത്തെ ബംപർ അൽപം ഇളകിയ നിലയിലാണ്. ആറു മണിയോടെ പഞ്ചറടച്ച് കഴിഞ്ഞതോടെ കോ ഡ്രൈവർ സീറ്റിൽ ഇരുന്ന ആൾ പുറത്തിറങ്ങി. നേരെ നിൽക്കാൻ പറ്റാത്ത നിലയിലാണ്. ഇയാൾ തിരിച്ചു കയറിയതോടെ ജീപ്പ് തിരുവനന്തപുരം ഭാഗത്തേക്ക് യാത്രയാരംഭിച്ചു. തുടക്കത്തിൽ തന്നെ അപകടകരമായ കുതിപ്പ് കണ്ടതോടെ ജീപ്പിനെ പിന്തുടരാൻ മനോരമ ന്യൂസ് സംഘം തീരുമാനിക്കുകയായിരുന്നു.
പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചന്തിരൂർ ഭാഗത്തെത്തിയപ്പോൾ വണ്ടി യൂടേൺ എടുത്തു. എറണാകുളം ഭാഗത്തേക്ക് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച ശേഷം വീണ്ടും യു ടേൺ എടുത്ത് തിരുവനന്തപുരം ഭാഗത്തേക്ക്. ഇതിനിടെ അരൂർ, കുത്തിയതോട് പൊലീസ് സ്റ്റേഷനിലേക്ക് ഏകദേശം ഇരുപതോളം തവണ മനോരമ ന്യൂസ് സംഘം വിളിച്ചു. എല്ലാവരും തിരക്കിലാണെന്നും ശരിയാക്കാമെന്നും മറുപടി. വൈകീട്ട് ഊതിക്കാൻ നിൽക്കുന്ന പൊലീസുകാരെ ആരെയും റോഡിൽ കണ്ടില്ല. ഹെൽമറ്റ് പിടുത്തവും ഉണ്ടായിരുന്നില്ല. ഒടുവിൽ കുത്തിയതോട് ജംഗ്ഷനിൽ എത്തിയപ്പോൾ വണ്ടി സൈഡായി. അപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ ഇരുന്നയാൾ ആദ്യമായി പുറത്തിറങ്ങുന്നത്. നേരെ നിൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടായിരിക്കും ജീപ്പിനെ ചാരിയായിരുന്നു നിൽപ്പ്. തൊട്ടുപിന്നാലെ ബോണറ്റ് ഉയർത്തി വെച്ചു. പഴയകാല തീവണ്ടിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ബോണറ്റിനുള്ളിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. വണ്ടിക്കുള്ളില്‍ അഞ്ചു വയസ്സോളം പ്രായമുള്ള കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു. ലഗേജുമുണ്ടായിരുന്നു.
വണ്ടി സ്റ്റാർട്ടായപ്പോള്‍ ഡ്രൈവർ വീണ്ടും വാഹനത്തിനകത്തു കയറി. ഈ അവസ്ഥയിൽ വണ്ടി കൊണ്ടുപോകരുത് എന്ന് മുന്നറിയിപ്പ് അവഗണിച്ച് അപകടകരമായ രീതിയിൽ വീണ്ടും മുന്നോട്ട്. സുരക്ഷിതമായ അകലത്തിൽ വാഹനത്തെ പിന്തുടരാൻ ഡൈവർ ബി.എസ്.ഷിജുവിന് നിർദേശം നൽകി മനോരമ ന്യൂസും പുറപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് ഒരല്പം മുന്നോട്ടു പോയ ശേഷം വീണ്ടും യു ടേൺ. ഏകദേശം 10 മിനിറ്റോളം എറണാകുളം ഭാഗത്തേക്ക് പോയ ശേഷം വീണ്ടും വണ്ടി ഒതുക്കി. പുറത്തിറങ്ങി നോക്കിയപ്പോൾ വണ്ടി ഏതാണ്ട് ചത്ത മട്ടാണ്. തുടർച്ചയായി വിളികൾക്കൊടുവിൽ അരൂർ പൊലീസ് സ്ഥലത്തെത്തി. നിൽക്കാൻ ബുദ്ധിമുട്ടിയിരുന്ന ഡ്രൈവറെ പൊലീസ് ജീപ്പിലേക്ക് കയറ്റി.
അല്പസമയത്തിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വനിത എസ്.ഐ കസ്റ്റഡിയിലെടുത്ത ഡ്രൈവർക്ക് മുന്നിൽ അറ്റൻഷനായി നിന്നു. ഇതോടെ ആരാണ് ആ ദിവ്യൻ എന്നായി ഞങ്ങളുടെ അന്വേഷണം. അങ്ങനെയാണ് പിടിയിലായത് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിയായ വി.അനിൽകുമാർ ആണെന്ന് വ്യക്തമായത്. ഇതേസമയം പൊലീസ് സ്റ്റേഷനുള്ളിൽ എഴുത്തുകുത്തുകൾ തുടരുകയായിരുന്നു. കാര്യങ്ങൾ ചോദിച്ചറിയുന്നത് തന്നെക്കാൾ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരായതിനാലാവാം മറുപടി പറയാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് വിവരം. ഒടുവിൽ 11 മണിയോടെയാണ് വൈദ്യ പരിശോധനയ്ക്കായി ഡിവൈഎസ്പിയെ കൊണ്ടുപോയത്.