Image Credit; AI
ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ പാദസരം മോഷ്ടിച്ച മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം അങ്ങാടിപ്പറമ്പ് സ്വദേശി
സി.വി ശ്രീജിത്തിനെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പവന്റെ സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നത്.
ജനുവരി 26–ാം തീയതി രാവിലെ ആറുമണിക്ക് രാജറാണി എക്‌സ്‌പ്രസ് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു തന്ത്രപൂര്‍വമുള്ള കവർച്ച. യുവതിയുടെ വലതുകാലിൽ കിടന്ന പാദസരം കട്ടിംഗ് പ്ളയർ ഉപയോഗിച്ചാണ് മോഷ്ടിച്ചത്. ഇടതുകാലിലെ പാദസരം കട്ട് ചെയ്യാനൊരുങ്ങവെ യുവതി ഉണർന്നു. അവര്‍ നിലവിളിച്ചതോടെ, കൈയില്‍ കിട്ടിയ പാദസരവുമായി പ്രതി പ്ളാറ്റ്ഫോമിലേക്ക് ചാടി, പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.
രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വർണവും പണവും പോകുന്ന സംഭവങ്ങള്‍ കൂടി വരുകയാണ്. ട്രെയിനിൽ കവർച്ച നടത്തുന്ന ഉത്തരേന്ത്യന്‍ സംഘങ്ങളും വ്യാപകമാണ്. ഹരിയാന, രാജസ്ഥാൻ, യുപിയിലെ മിർസാപൂർ എന്നിവിടങ്ങളിൽ നിന്നുള്ള കവർച്ചാസംഘങ്ങള്‍ കള്ളവണ്ടി കയറി കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുമുണ്ടെന്ന് പൊലീസ് പറയുന്നു.