എട്ടുവയസ്സുകാരനോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 6 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് അടൂർ അതിവേഗകോടതി. ഏനാത്ത് ഇളംഗമംഗലം ലക്ഷം വീട്ടിൽ ജെ. ഹരികുമാറിനെയാണ് ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. 11000 രൂപ പിഴത്തുക അടയ്ക്കുകയും വേണം. പിഴ കുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 76 ശതമാനം വൈകല്യമുള്ള കുട്ടിയെ പ്രതി ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിനു വിധേയനാക്കുകയായിരുന്നു. 2021 ഒക്ടോബർ 23 നായിരുന്നു സംഭവം. ലൈംഗികാതിക്രമത്തിനു ശേഷം പ്രതി കുട്ടിയെ വീട്ടിൽ കൊണ്ടാക്കി.
കുട്ടിയിൽ അസ്വസ്ഥത കണ്ട അമ്മയാണ് എല്ലാ കാര്യങ്ങളും കുട്ടിയില്‍ നിന്ന് ചോദിച്ചറിഞ്ഞത്. ഉടനെ ടീച്ചറെയും, ചികിൽസിക്കുന്ന ഡോക്ടറെയും വിവരം അറിയിച്ചു. അവരുടെ നിർദേശപ്രകാരം ചൈൽഡ്‌ലൈനിൽ എത്തിച്ച് കൗൺസിലിംഗ് ലഭ്യമാക്കി. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് കുട്ടി ഇരയായി എന്ന് വെളിപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രോസിക്യൂഷനും പൊലീസും ഏറെ വെല്ലുവിളികൾ നേരിട്ട കേസാണിത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും, 20 രേഖകൾ ഹാജരാക്കുകയും, പ്രതിഭാഗത്തുനിന്നും നാല് സാക്ഷികളെ വിസരിക്കുകയും ചെയ്ത കോടതി, പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിത പി ജോൺ ഹാജരായി.