ആലപ്പുഴ മുഹമ്മയിൽ മോഷണക്കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു. മുഹമ്മ ജംഗ്ഷന് സമീപത്തുള്ള രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. മോഷണ കേസില്‍ പിടിയിലായ സെൽവരാജ്, മോഷ്ടിച്ച സ്വര്‍ണം രാജി ജ്വല്ലറിയില്‍ വിറ്റതായി മൊഴി നല്‍കിയിരുന്നു.
ഇതില്‍ തെളിവെടുപ്പിനായാണ് പ്രതിയുമായി പൊലീസ് മുഹമ്മയില്‍ എത്തിയത്. പോലീസ് എത്തിയപ്പോൾ കട അടഞ്ഞു കിടക്കുകയായിരുന്നു. രാധാകൃഷ്ണനെയും മകനെയും വിളിച്ചു വരുത്തി വിവരങ്ങൾ ചോദിക്കുന്നതിനിടെ കടയിലുണ്ടായിരുന്നു വിഷം രാധാകൃഷ്ണന്‍ കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.