ലഹരി വസ്തുക്കള്‍ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലംഗ സംഘം പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. പന്മന പൊൻവയൽ ഓഡിറ്റോറിയത്തിനടുത്ത് കായൽത്തീരത്തോട് ചേർന്നുള്ള ടൂറിസം സ്പോട്ടില്‍ വ്യാഴാഴ്ച രാത്രി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്.
എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച ചെയ്ത നാലംഗ സംഘത്തെ ചവറ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ലഹരി വസ്തുക്കൾ കായിലേക്ക് എറിഞ്ഞ്, തെളിവ് നശിപ്പിച്ച ശേഷമായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം അറിഞ്ഞ് ചവറ പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ഇവര്‍ ആക്രമിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് അക്രമികളെ അറസ്റ്റ് ചെയ്തത്.
പരുക്കേറ്റ ഇൻസ്പെക്ടറെ ആദ്യം ടൈറ്റാനിയം ജംഗ്ഷനിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ലതീഷ്, അസി. ഇൻസ്പെക്ടർ കെ.വി. എബിമോൻ, വനിതാ ഉദ്യോഗസ്ഥ ശ്രീപ്രിയ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, ജിനു തങ്കച്ചൻ, കിഷോർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘത്തെയാണ് നാലംഗ സംഘം ആക്രമിച്ചത്.