കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനി ഡൽഹിയിലെ ഹോട്ടല്‍ മുറിയിൽ മരിച്ചനിലയില്‍. ഡൽഹി സർവകലാശാലയിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനി അരുണ സിങ്ങാണ് (19) മരിച്ചത്. പെൺകുട്ടിയോടൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന അയല്‍വാസി വിപിൻ യാദവ് (24)നെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. വിപിന്‍ എഴുതിയതെന്ന് സംശയിക്കുന്ന ഒരു കത്ത് മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ഥിനിയെ താന്‍ കൊലപ്പെടുത്തിയെന്നും, താനും ആഗ്ര കനാലിലേക്ക് ചാടി ജീവനൊടുക്കാന്‍ പോവുകയാണെന്നുമാണ് കുറിപ്പിലുള്ളത്.
തിങ്കളാഴ്ച രാവിലെ കോളജിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അരുണ വീട്ടില്‍ നിന്നിറങ്ങിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അരുണ വീട്ടുകാരോട് ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രാത്രിയായിട്ടും അരുണ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവിയും ഫോണിന്റെ ടവര്‍ ലൊക്കേഷനും വച്ചുനടത്തിയ അന്വേഷണത്തിലാണ് യുവതി ഹോട്ടലിലേക്ക് അയല്‍വാസിക്കൊപ്പം പോയത് കണ്ടെത്തിയത്.
മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നതും, അവിടെ നിന്ന് ഒരു കുറ്റസമ്മതക്കുറിപ്പ് ലഭിച്ചു എന്നതും കണക്കിലെടുത്ത്, ഇതൊരു കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധൗജ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 'മിസിങ്' കേസിലേക്ക്, കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. വിപിനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.