അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ 14 വര്‍ഷത്തിനുശേഷം വിധി വരുമ്പോഴും പൊലീസ് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായോയെന്ന ചോദ്യം ബാക്കിയാണ്. സാക്ഷി മൊഴികളുണ്ടായിട്ടും അന്നത്തെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എം എല്‍ എയ്ക്കുമെതിരെ ഗൂഢാലോചനകുറ്റം ചുമത്താതിരുന്നതില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സി ബി ഐയുടെ അന്വേഷണത്തില്‍ ഇരുവരും ശിക്ഷിക്കപ്പെട്ടാല്‍ പൊലീസ് വീഴ്ച കൂടുതല്‍ ബലപ്പെടും.
പി ജയരാജനും ടി വി രാജേഷിനുമെതിരെ സി ബി ഐ ഗൂഢാലോചന കുറ്റം ചുമത്തിയെങ്കിലും സാക്ഷികളെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഇരുവരെയും വെറുതെ വിട്ടേക്കാം, അതല്ലെങ്കില്‍ സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് കോടതിക്ക് ശിക്ഷിക്കുകയും ചെയ്യാം. രണ്ടായാലും പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചര്‍ച്ചയാകും. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 ആം നമ്പര്‍ മുറിയില്‍ വച്ച് പി ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയതായി അവിടെയുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നിട്ടും ഗൂഢാലോചനക്കുറ്റം ചുമത്താതെ കുറ്റകൃത്യം നടക്കുമെന്ന് അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന നിസാരവകുപ്പായ IPC 118 മാത്രമാണ് ചുമത്തിയതെന്നായിരുന്നു പ്രധാന ആക്ഷേപം.
മുസ്ലീം ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇക്കാര്യത്തിലുള്ള അമര്‍ഷം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും അഭ്യന്ത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അറിയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നായിരുന്നു തിരുവഞ്ചൂരിനന്റെ പ്രതികരണം. ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബി ഐ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം കണ്ണൂരിലെ ക്രിമിനല്‍ അഭിഭാഷകനാനായ അഡ്വ ടി പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന വിവാദം വീണ്ടും ആളിക്കത്തിച്ചു. കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടാണ് പൊലീസ് ജയരാജനെതിരെ ഗൂഢാലോചന ചുമത്താതിരുന്നതെന്നായിരുന്നു പ്രസ്താവന.
കേസ് അന്വേഷിച്ച അന്നത്തെ വളപട്ടണം സി ഐ യു പ്രേമനും മേല്‍നോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പി പി സുകുമാരനും സര്‍വീസില്‍ നിന്ന് വിരമിച്ചു. അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇപ്പോള്‍ നിയമസഭ സ്പീക്കറാണ് . ജയരാജനേയും ടി വി രാജേഷിനേയും സി ബി ഐ കോടതി ശിക്ഷിച്ചാല്‍ പൊലീസ് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആക്ഷേപം വീണ്ടും ബലപ്പെടും, മറിച്ചായാലും കൊലപാതകത്തിന് പിന്നാലെ തെളിവുകള്‍ ശേഖരിക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയായും അഭ്യന്തരവകുപ്പിന്റെ കെടുകാര്യസ്ഥതയായും ചിത്രീകരിക്കപ്പെടാം. കൊലപാതകം നടന്ന് നാലുവര്‍ഷം കഴിഞ്ഞാണ് സിബി ഐ കേസ് ഏറ്റെടുക്കുന്നത്.