ചാലയിലെ സ്വർണ്ണ കവർച്ച കേസിലെ മുഖ്യ ആസൂത്രകൻ എന്ന് പൊലീസ് കരുതുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിന് കുരുക്കു മുറുകുന്നു. കേസിന്റെ അന്വേഷണത്തിനിടെ ജയറാമിനെതിരെ മൂന്നു വഞ്ചന കേസ് പരാതികളിൽ കേസെടുത്തു. ഫോർട്ട് പൊലീസ് ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്വർണ്ണം വാങ്ങിയശേഷം പണം നൽകാതെ കബളിപ്പിക്കലാണ് ജയറാമിന്റെ സ്ഥിരം തട്ടിപ്പ്.
രണ്ടു സ്ത്രീകളും ആറ്റിങ്ങൽ സ്വദേശിയായ ഒരു പുരുഷനും ആണ് ചാലാ കേസിന്റെ അന്വേഷണത്തിനിടെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തട്ടിപ്പ് കേസിലാണ് ജയറാമിന്റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചാല കവർച്ച കേസിന് മുമ്പ് 40 ഓളം തട്ടിപ്പ് പരാതികൾ ജയറാമിനെതിരെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.
ചാല കവർച്ച കേസിൽ ജയറാമിന്റെ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ തേടുകയാണ് പൊലീസ്. അമോലിന്റെയും അനൂപിന്റെയും മൊഴികൾ സാധൂകരിക്കുന്ന തെളിവുകളാണ് തേടുന്നത്. താൻ പിടിക്കപ്പെടാതിരിക്കാൻ വളരെ ആസൂത്രിതമായിട്ടാണ് ജയറാം കവർച്ചാ കേസിൽ ഇടപ്പെട്ടത് എന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.
അതേസമയം, കേസിൽ 146 പവൻ സ്വർണം കൂടി കണ്ടെടുത്തു. വെള്ളായണിയിലെ ഒരു പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെടുത്തത്. നേരത്തെ വയനാട് വെച്ച് മൂന്ന് പ്രതികളെ പിടികൂടിയപ്പോൾ 480 ഗ്രാം സ്വർണ്ണം കണ്ടെത്തിയിരുന്നു. ബൈക്കിലെത്തി സ്വർണ്ണ കവർച്ച നടത്തിയ അനൂപമാണ് വെള്ളായണിയിലെ ഒഴിഞ്ഞ പറമ്പിൽ സ്വർണം കുഴിച്ചിട്ടത്. പിടിക്കപ്പെട്ടാലും കേസുകൾ അവസാനിക്കുമ്പോൾ സ്വർണം തിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ ഇതുവരെ കണ്ടെത്തിയ സ്വർണം 202 പവനായി.