വടകരയിലെ അധ്യാപികമാർ പ്രതികളായ ലഹരി കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ അറസ്റ്റിൽ.  ഹൈദരാബാദിൽ നിന്നാണ് ഷിന്റോയെ അന്വേഷണസംഘം പിടികൂടിയത്. ഹൈദരാബാദ് പൊലീസ്  കസ്റ്റഡിയിൽ എടുത്തു കേരള പൊലീസിന് വിവരം കൈമാറുകയായിരുന്നു. അധ്യാപികമാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത് ഷിന്റോയുടെ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് കേരള പോലീസിന്റെ അഭ്യർത്ഥന പ്രകാരം ഹൈദരാബാദ് പൊലീസ് ഷിന്‍റോയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കണ്ണൂരിൽ നേരത്തെയുള്ള ലഹരി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഷിന്‍റോയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി കണ്ണൂരിൽ നിന്നും പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.

അധ്യാപികമാരായിട്ടുള്ള കാവ്യ, കീർത്തന, നിഷ്മ എന്നിവരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിറകെ തന്നെ സംഘത്തിന് നേതൃത്വം നൽകുന്നത് ഷിന്റോ ആണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. മലബാറിലേക്ക് ലഹരി എത്തിക്കുന്നതിലെ സംഘത്തലവനെന്നാണ് അന്വേഷണസംഘം ഷിന്‍റോയോ വിശേഷിപ്പിക്കുന്നത്.

ഷിന്റോയ്ക്ക് വേണ്ടി കഴിഞ്ഞ നാലഞ്ച് മാസമായിട്ട് അന്വേഷണസംഘം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നേരത്തെ നിരവധി ലഹരി കേസുകളിൽ പ്രതിയാണ് ഷിന്‍റോ.

അന്വേഷണത്തിനിടെ ഷിന്‍റോയുടെ മാതാപിതാക്കൾ അടക്കം വീട് പൂട്ടി ഒളിവിൽ പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് മാതാപിതാക്കളെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയെങ്കിലും ഷിന്റോയുമായി ബന്ധമില്ലെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു. അതിനിടയിലാണ് കണ്ണൂർ പോലീസിന്റെ അഭ്യർത്ഥന പ്രകാരം ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആദ്യ കണ്ണൂരിൽ എത്തിച്ചശേഷം വടകര എംഡിഎംഎ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘം ഷിന്‍റോയെ കസ്റ്റഡിയില്‍ വാങ്ങും.

ENGLISH SUMMARY:

Kerala police have arrested Shinto, the prime accused in the high-profile Vadakara MDMA drug case involving female teachers, from Hyderabad with the assistance of local law enforcement. Investigators identified Shinto as the kingpin responsible for supplying narcotics across the Malabar region after a manhunt that spanned over four months. Following his detention in connection with a prior case registered in Kannur, a special Kerala police team has departed to bring him back for interrogation. Authorities plan to formally record his arrest in the Vadakara case once he is transferred to Kerala, breaking a deadlocked investigation that previously forced his family into hiding.