• പീഡനത്തിന് ശേഷം നാട്ടിലെത്തി സെപ്റ്റംബർ 30-ന് അഞ്ജു പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതി വിദേശത്തേക്ക് കടന്നിരുന്നതിനാൽ ലുക്ക് ഔട്ട് സർക്കുലർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയായിരുന്നു.

കൊല്ലം നീണ്ടകരയിൽ സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി നന്ദുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ചവറ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ അഞ്ജുവിനെ പ്രതി സൗദി അറേബ്യയിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ ചൂഷണം ചെയ്യുകയും ചെയ്തെന്നാണ് പരാതി. പൊലീസ് കേസെടുത്തെങ്കിലും പ്രതി നാട്ടിൽ വരാത്ത സാഹചര്യത്തിൽ ലുക്ക് ഔട്ട് സർക്കുലർ ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

നീണ്ടകര പരിമണം മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജുവിനാണ് ഭർത്താവിന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. സൗന്ദര്യം കുറഞ്ഞുപോയെന്നും കൂടുതൽ സ്ത്രീധനം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനമെന്നാണ് യുവതിയുടെ കുടുംബം നല്‍കിയ പരാതി. ജൂലൈ 27നായിരുന്നു ഇവരുടെ വിവാഹം. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അഞ്ജുവിനെതിരെ പീഡനവും പരിഹാസവും തുടങ്ങി. ഒരു മാസത്തിനു ശേഷം നന്ദു സൗദിയിലേക്ക് പോയെങ്കിലും ഫോണിലൂടെ അസഭ്യം പറയുന്നത് തുടർന്നതോടെ അഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങി. 

പിന്നീട് അനുനയിപ്പിച്ചാണ് നന്ദു അഞ്ജുവിനെ സൗദിയിലേക്ക് കൊണ്ടുപോയത്. ഫ്ലാറ്റിൽ പൂട്ടിയിട്ട ശേഷം കുക്കർ, ഇടികല്ല്, ചൂല്‍, മോപ്പ്, ബെൽറ്റ്, ലാപ്ടോപ്പ് ചാർജർ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം. അഞ്ജുവിന്റെ ശരീരമാകെ മർദനമേറ്റ പാടുകളും മുറിവുകളുമുണ്ട്. രഹസ്യഭാഗങ്ങളിൽ കുപ്പി ഉപയോഗിച്ച് കുത്തിയതായും അഞ്ജു പൊലീസിനോട് പറഞ്ഞു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും വിവാഹത്തിനു മുൻപും ശേഷവും മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് പറയിപ്പിക്കുകയും അത് റെക്കോർഡ് ചെയ്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ചെയ്തു എന്നിങ്ങനെയാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സെപ്റ്റംബർ 30-ന് യുവതി നാട്ടിലെത്തി. തുടർന്ന് ചവറ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇന്ന് പുലർച്ചെയോടെയായിരുന്നു നന്ദു തിരുവനന്തപുരത്ത് എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് ചവറ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

ENGLISH SUMMARY:

Chavara police have arrested Nandu at the Thiruvananthapuram airport in connection with the brutal dowry torture of his wife, Anju, in Saudi Arabia. The victim alleged that her husband subjected her to severe physical abuse using household items, ridiculed her appearance, and circulated coerced video statements to relatives. Although a case was registered earlier, a lookout circular was issued after the accused remained abroad following the assault. Following his arrival from abroad, airport security detained Nandu and handed him over to the local police for further legal proceedings.