നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ അജിത് പോളിന്റെ കൈയാണ് പ്രതി കടിച്ചു മുറിച്ചത്
കൊച്ചിയില്‍ പൊലീസുകാരന്റെ കൈ പ്രതി കടിച്ചു മുറിച്ചു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ അജിത് പോളിനാണ് കടിയേറ്റത്. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് പൊലീസുകാരനെ ആക്രമിച്ചത്. ലഹരി ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിലായ മുഹമ്മദ് ഇക്ബാലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് എറണാകുളം നോർത്ത് പാലത്തിന് സമീപത്തുനിന്നും കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലിനെ പൊലീസ് പിടികൂടുന്നത്. ഇക്ബാലിനെ സ്റ്റേഷനിൽ എത്തിച്ചപ്പോഴും ലഹരി ഉപയോഗിച്ച് ലക്കുകട്ട നിലയിലായിരുന്നു. പൊലീസിനെതിരെ അസഭ്യവർഷവും ഭീഷണിയും മുഴക്കുകയും ചെയ്തു.
മുഹമ്മദ് ഇഖ്ബാലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലും ഇയാൾ പരാക്രമം തുടർന്നു. അവിടെവച്ചാണ് നോർത്ത് സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ അജിത് പോളിനെ ഇയാൾ ആക്രമിച്ചത്. അജിത് പോളിന്റെ കൈയ്ക്കാണ് കടിയേറ്റത്. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന്റെ പേരിൽ സെൻട്രൽ പൊലീസ് ഇഖ്ബാലിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.
ENGLISH SUMMARY:
A police officer attached to the Ernakulam Town North Police Station was injured in Kochi after an intoxicated man severely bit his arm during a routine medical examination. The injured officer has been identified as Civil Police Officer Ajith Paul. According to police reports, the suspect, Muhammed Iqbal hailing from Sasthamkotta in Kollam, was taken into custody near the North Overbridge after creating a public disturbance under the heavy influence of narcotics.