ഇന്ദുശേഖര്‍
ബെംഗളൂരുവിനെ നടുക്കിയ ഏഴുപേരുടെ കൊലപാതകക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകങ്ങളിൽ മുഖ്യപ്രതി ഇന്ദുശേഖറിന്റെ 17 വയസ്സുള്ള മകൾക്കും പങ്കുണ്ടോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രാദേശിക ക്രൈം മാസികയിൽ ലേഖനങ്ങൾ എഴുതുന്നയാളാണ് പ്രതി ഇന്ദുശേഖറെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. Also Read: ‘ഓള്ഇന്ത്യട്രിപ്പെന്ന് ബന്ധുക്കള്‍ക്ക് മെസേജ്’; പ്രതിയെ കുടുക്കിയത് വാട്സാപ്പ് സന്ദേശങ്ങള്‍
വ്യത്യസ്ത ദിവസങ്ങളിലായി ഏഴുപേരെ കൊലപ്പെടുത്തിയെന്നാണ് ഇന്ദുശേഖറിനെതിരായ കേസ്. ഇത്രയും കൊലപാതകങ്ങൾ പ്രതി ഒറ്റയ്ക്ക് എങ്ങനെ നടത്തിയെന്ന സംശയം തുടക്കം മുതൽ തന്നെ പൊലീസിനുണ്ടായിരുന്നു. ഏഴുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടാം നിലയിൽ നിന്ന് മൃതദേഹങ്ങൾ ആരുടെയും സഹായമില്ലാതെ എങ്ങനെ താഴെയെത്തിച്ചുവെന്നതായിരുന്നു അന്വേഷണസംഘത്തിന്റെ പ്രധാന സംശയങ്ങളിലൊന്ന്.
മൃതശരീരങ്ങൾ താഴെയിറക്കാനും പിന്നീട് വനമേഖലയിൽ ഉപേക്ഷിക്കാനും പ്രതിക്ക് മകളുടെ സഹായം ലഭിച്ചിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മട്ടൻ കറി വിളമ്പി ഭക്ഷണം കഴിക്കാനായി മുത്തശ്ശിയെ വീട്ടിലേക്ക് ക്ഷണിച്ചത് പെൺകുട്ടിയാണെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
തെളിവുകൾ നശിപ്പിക്കാൻ പ്രതി ആസൂത്രിതമായ നീക്കങ്ങൾ നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രാദേശിക ക്രൈം മാസികയിൽ ലേഖനങ്ങൾ എഴുതിയിരുന്ന ഇന്ദുശേഖറിന് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള തന്ത്രങ്ങൾ അറിയാമായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. ഇതിനായി ഫോണിലൂടെ വാട്സ്ആപ്പ് ചാറ്റുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം, കൊല്ലപ്പെട്ട നാല് സ്ത്രീകളുടെയും സ്വർണാഭരണങ്ങൾ കാണാതായിട്ടുണ്ട്. ഇവ നഗരത്തിലെ ഒരു കടയിൽ വിറ്റതായാണ് പ്രതി മൊഴി നൽകിയതെന്നാണ് വിവരം. കേസിൽ ഇനിയും നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുണ്ട്.