പൊലീസിനെ പരസ്യമായി ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തി പൊലീസ്. മലപ്പുറം വൈലത്തൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതി പൂക്കയിൽ സ്വദേശി കുളങ്ങര സഫ്വാനെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.
മദ്യലഹരിയിൽ ഇരുചക്രവാഹനം ഓടിക്കുന്നത് തടഞ്ഞതിനെ തുടർന്നായിരുന്നു യുവാക്കൾ പൊലീസിനെ ആക്രമിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രനും സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീഷിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ തലക്കടത്തൂർ അരീക്കാട് സ്വദേശി കിഴക്കേപുറത്ത് ദിൽഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഒപ്പമുണ്ടായിരുന്ന സഫ്വാൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. ലഹരിക്കേസിൽ വിദേശത്ത് രണ്ട് വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണ് സഫ്വാൻ. മോഷണക്കേസുകൾ ഉൾപ്പെടെ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.