• അനധികൃതമായി മോഡിഫിക്കേഷൻ നടത്തി അമിത ശബ്ദമുണ്ടാക്കി രാത്രിയിൽ നഗരത്തിലൂടെ ചീറിപ്പാഞ്ഞ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിൽ നടത്തിയ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ടിൽ’ 60 വാഹനങ്ങൾക്കെതിരെ നടപടി

അനധികൃതമായി മോഡിഫിക്കേഷൻ നടത്തി അമിത ശബ്ദമുണ്ടാക്കി രാത്രിയിൽ നഗരത്തിലൂടെ ചീറിപ്പാഞ്ഞ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിൽ നടത്തിയ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ടിൽ’ 60 വാഹനങ്ങൾക്കെതിരെ നടപടി. നിയമലംഘകരിൽ നിന്ന് ആകെ 2,74,500 രൂപ പിഴയും ഈടാക്കി.

 

ഇന്നലെ രാത്രി എട്ട് മണി മുതൽ ഇന്ന് പുലർച്ചെ 5.30 വരെയായിരുന്നു പരിശോധന. എംവിഡി ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന നടത്തിയത്. നൂറിലധികം വാഹനങ്ങൾ പരിശോധിച്ചു.

 

അനധികൃത സൈലൻസർ മാറ്റങ്ങൾ, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തത്, വാഹനങ്ങളിലെ ലൈറ്റുകളിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുക, നമ്പർ പ്ലേറ്റ് മറച്ചുവെക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

 

രാത്രികാലങ്ങളിൽ അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി സൂചിപ്പിക്കുന്നത്.

ENGLISH SUMMARY:

The Motor Vehicles Department conducted Operation Night Hunt in Kochi to crack down on illegally modified and excessively noisy vehicles. During an overnight inspection from 8 PM to 5:30 AM, four enforcement squads checked over 100 vehicles and issued challans to 60 offenders. A total fine of ₹2,74,500 was collected for violations including illegal silencer modifications, riding without helmets, missing PUC certificates, modified lights, triple riding and concealed number plates.