1995 ഒക്ടോബര്‍ 31ന് തൃശൂര്‍ കിഴക്കേകോട്ടയില്‍ കൊലപാതകം നടന്നു. തനിച്ചു താമസിക്കുന്ന അറുപത്തിയഞ്ചുകാരി മര്‍ത്തയാണ് കൊല്ലപ്പെട്ടത്. ആറു പവന്‍റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. കൊലയാളികളെ ഒരാഴ്ചയ്ക്കകം പൊലീസ് പിടികൂടിയിരുന്നു. കൊരട്ടി സ്വദേശി പ്രസാദും പാലക്കാട് ഒറ്റപ്പാലം സ്വദേശി കൃഷ്ണകുമാറുമായിരുന്നു കൊലയാളി. മര്‍ത്ത സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്നത് തൃശൂര്‍ കിഴക്കേകോട്ടയിലെ ഹോട്ടലിലായിരുന്നു. അവിടുത്തെ ജീവനക്കാരനായിരുന്നു പ്രസാദ്. മടിക്കുത്തില്‍ നിറയെ കാശുമായി ദേഹത്താകെ ആഭരണവുമായി വന്നിരുന്ന മര്‍ത്തയുടെ ചിത്രം പ്രസാദിന്‍റെ മനസില്‍ പതിഞ്ഞു.
ഹോട്ടല്‍ പണി ഉപേക്ഷിച്ച് കോണ്‍ക്രീറ്റ് പണിയ്ക്കു പോകുമ്പോഴാണ് കൃഷ്ണകുമാറിനെ പരിചയപ്പെടുന്നത്. ഇരുവരും സുഹൃത്തുക്കളായി. തോപ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം രാത്രിയില്‍ ഇരുവും കിടന്നുറങ്ങും. അങ്ങനെ, ഒരു ദിവസം രാത്രി പ്രസാദ്, കൃഷ്ണകുമാറിനോട് പറഞ്ഞു. കുറേ കാശും സ്വര്‍ണവുമുള്ള ഒരു അമ്മൂമ്മയെ എനിക്കറിയാം. അവരെ അപായപ്പെടുത്തി നമ്മുക്ക് അത് തട്ടിയെടുക്കാം. അങ്ങനെ ഇരുവരും അര്‍ധരാത്രി മര്‍ത്തയുടെ വീട്ടില്‍ക്കയറി ആക്രമിച്ചു. തലയണ കൊണ്ട് മുഖംപൊത്തി ശ്വാസംമുട്ടിച്ച് കൊന്നു.
സ്വര്‍ണം തട്ടിയെടുത്ത് ഇടനിലക്കാരന്‍ മുഖേന തൃശൂര്‍ നഗരത്തില്‍തന്നെ വിറ്റു. ഇടനിലക്കാരനില്‍ നിന്ന് പൊലീസിന് കിട്ടിയ വിവരം അനുസരിച്ചാണ് പ്രസാദിനേയും കൃഷ്ണകുമാറിനേയും തിരിച്ചറിഞ്ഞതും പിടികൂടിയതും. റിമാന്‍ഡില്‍ കഴിയുന്നതിനിടെ അന്നത്തെ മജിസ്ട്രേറ്റ് ഇരുവര്‍ക്കും ജാമ്യം നല്‍കി. പിന്നെ, ഇവര്‍ മുങ്ങി. പ്രസാദിനെ പിന്നീട് പൊലീസ് പിടികൂടി. അപ്പോഴും, കൃഷ്ണകുമാര്‍ കാണാമറയത്തായിരുന്നു.
തൃശൂര്‍ പത്തന്‍സ് ഹോട്ടലിലെ ഫ്രണ്ട് ഓഫിസില്‍ നിന്ന് വാച്ച് മോഷ്ടിച്ചതിന് ഈസ്റ്റ് പൊലീസ് കൃഷ്ണകുമാറിനെ ആദ്യം പിടികൂടിയിരുന്നു. ചെറുപ്പക്കാരനെതിരെ കേസെടുത്ത് ജയിലിലേയ്ക്കു വിടേണ്ടെന്ന് പൊലീസ് അന്ന് തീരുമാനിച്ചു. വിശന്ന് വലഞ്ഞപ്പോള്‍ പണത്തിനു വേണ്ടി ചെയ്ത മോഷണമെന്നാണ് കൃഷ്ണകുമാര്‍ അന്ന് പൊലീസിനോട് പറഞ്ഞത്. യുവാവിനെ ജയിലിലേയ്ക്കു വിട്ട് കൊടുംകുറ്റവാളിയാക്കേണ്ടെന്ന ആ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞു. വാച്ച് കള്ളന്‍ പിന്നീട് ആളെ കൊല്ലിയായി. നിരാലംബയായ വയോധികയെ കൊന്ന് സ്വര്‍ണം തട്ടിയെടുത്തു.
അമ്മ പാര്‍വതിയേയും മകന്‍ കൃഷ്ണകുമാറിനേയും അച്ഛന്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചു. കൃഷ്ണകുമാറിന്‍റെ അമ്മാവന്‍ ഡല്‍ഹിയില്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു. കൃഷ്ണകുമാറിന്‍റെ ചെറുപ്പം അവിടെയായിരുന്നു. സഹോദരിയുടെ മകനെ നല്ലരീതിയില്‍ നോക്കാന്‍ ഡല്‍ഹിയില്‍ പഠിപ്പിച്ചു. പക്ഷേ, അവിടെയും കൃഷ്ണകുമാര്‍ കള്ളനായി. ചെറിയ കളവുകള്‍. സഹികെട്ട് അമ്മാവന്‍ നാട്ടിലേയ്ക്കു പറഞ്ഞുവിട്ടു. അമ്മയാണെങ്കില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. വീട്ടില്‍ പോകാതെ കൃഷ്ണകുമാര്‍ തൃശൂര്‍ നഗരത്തില്‍ തമ്പടിച്ചു തുടങ്ങി. ചെറിയ പണികള്‍ ചെയ്ത് ഉപജീവനം തേടി.
അമ്മാവന്‍ വീണ്ടും കൃഷ്ണകുമാറിനെ സംരക്ഷിച്ചു. മീററ്റില്‍ ഒളിവില്‍ കഴിഞ്ഞു. പിന്നെ, അവിടെ നിന്ന് മുങ്ങി. കൊല്ലത്തെത്തി. പതിനഞ്ചു വര്‍ഷമായി കൊല്ലത്തുണ്ട്. അവിടെ, കല്യാണം കഴിച്ച് പുതിയ ജീവിതം തുടങ്ങി. പതിനഞ്ചു വയസുള്ള മകള്‍ ഉള്‍പ്പെടെ രണ്ടു മക്കളുണ്ട്. കിഷന്‍കുമാറെന്ന പേരിലായിരുന്നു കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞത്. മീററ്റില്‍ ചെന്ന് അന്വേഷിച്ചപ്പോഴും പൊലീസിനോട് അവിടുത്തുക്കാര്‍ പറഞ്ഞത് ഇത്രയും മാന്യനായ ഒരാള്‍ വേറെയില്ലെന്നാണ്.
അങ്ങനെ, ചെല്ലുന്നിടത്തെല്ലാം മാന്യനായി നാട്ടുകാര്‍ക്ക് മുമ്പില്‍ ജീവിച്ചു. പക്ഷേ, തൃശൂര്‍ സിറ്റി പൊലീസിലെ ചുണക്കുട്ടികള്‍ തിരഞ്ഞ് തിരഞ്ഞ് കൊല്ലത്തെത്തി. അങ്ങനെ, കയ്യോടെ പിടികൂടി. മുപ്പതുവര്‍ഷത്തിനു ശേഷം തൊട്ടുമുമ്പില്‍ തൃശൂര്‍ സിറ്റി പൊലീസിനെ കണ്ട കൃഷ്ണകുമാര്‍ ഞെട്ടി. ഭാര്യയ്ക്കോ മക്കള്‍ക്കോ കൃഷ്ണകുമാറിന്‍റെ കൊലയാളി പശ്ചാത്തലം അറിയില്ലായിരുന്നു. പഴയ ചിത്രങ്ങളും വിശദാംശങ്ങളും കാണിച്ചപ്പോള്‍ കുടുംബത്തിനും ഞെട്ടല്‍.
കൃഷ്ണകുമാര്‍ മറ്റൊരു സുകുമാര കുറുപ്പാണ്. പൊലീസിന് പിടികൊടുക്കാതെ കബളിപ്പിച്ചത് മുപ്പതു വര്‍ഷമാണ്. വിചാരണക്കോടതിയില്‍ കേസിന്‍റെ വിചാരണ അന്തിമഘട്ടത്തിലാണ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കൃഷ്ണകുമാറിന്‍റെ ഒളിയിടം സംബന്ധിച്ച് സംസ്ഥാന പൊലീസ് ഇന്‍റലിജന്‍സും വിവരങ്ങള്‍ കൈമാറിയിരുന്നു. കേസന്വേഷിച്ച പഴയ ഉദ്യോഗസ്ഥരില്‍ നിന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വിവരങ്ങള്‍ തിരക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട ആസൂത്രിതമായ അന്വേഷണമാണ് അവസാനം ഫലം കണ്ടത്.