കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് ബുക്കിങ് എടുത്ത ശേഷം ടൂര്‍ കമ്പനി വഞ്ചിച്ചതായി പരാതി. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ‘DK വേള്‍ഡ് ഗോ പ്ലസ്’ എന്ന കമ്പനിക്കെതിരെയാണ് കോഴിക്കോട് സ്വദേശികളുടെ പരാതി. ഏഴ് ലക്ഷത്തോളം രൂപ അഡ്വാന്‍സായി വാങ്ങിയശേഷം യാത്രയില്‍ തടസങ്ങള്‍ പറഞ്ഞ് പണം തട്ടിയെന്നാണ് ആരോപണം. പരാതിയില്‍ പിണറായി പൊലീസ് കേസെടുത്തു.

കോഴിക്കോടുകാരായ സംഘം സാമൂഹ്യമാധ്യത്തില്‍ പരസ്യം കണ്ട് ബന്ധപ്പെട്ടതാണ് ഡി.കെ വേള്‍ഡ് ഗോ പ്ലസ് എന്ന സ്ഥാപനത്തെ. 28 പേരടങ്ങുന്ന സംഘം കശ്മീരിലേക്ക് പാക്കേജ് ബുക്ക് ചെയ്തു. ഓരോരുത്തരും 25000 രൂപ വീതം അഡ്വാന്‍സായി ആകെ 6 ലക്ഷത്തി തൊണ്ണൂറായിരം കമ്പനിക്ക് നല്‍കി. ഇതിനു ശേഷമാണ് ടൂര്‍ കമ്പനി തിയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്ന് പരാതിക്കാര്‍. കാരണം പറഞ്ഞത് വിമാന ടിക്കറ്റ് നിരക്ക് കൂടിയെന്ന്.

പാക്കേജ് റദ്ദാക്കിയിട്ടും ടൂര്‍ കമ്പനി തുച്ഛമായ പണം മാത്രമാണ് മടക്കിനല്‍കിയതെന്നും ആരോപണം. സമാന പരാതികള്‍ വേറെയും കമ്പനിക്കെതിരെ ഉയര്‍ന്നതായും പലതും റീഫണ്ട് നല്‍കി ഒതുക്കിത്തീര്‍ത്തുവെന്നുമാണ് ആരോപണം. ആരോപണം നിഷേധിക്കുകയാണ് ടൂര്‍ കമ്പനി. വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നപ്പോള്‍ തന്നെ പരാതിക്കാരെ വിവരം അറിയിച്ചുവെന്നും യാത്ര നീട്ടിവെക്കാന്‍ അവര്‍ തയ്യാറാവാതിരുന്നതിനാല്‍ ബുക്കിങ് റദ്ദാക്കിക്കൊടുത്തെന്നും മറുപടി. എന്നാല്‍, ടിക്കറ്റ് നിരക്ക് കൂടിയതിന്‍റെ പേരില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റീ ഫണ്ട് ഈ മാസം തന്നെ പൂര്‍ണമായും നല്‍കുമെന്നുമാണ് വിശദീകരണം.

ENGLISH SUMMARY:

Kashmir tour package scam involving a Kannur-based travel company has led to a police case after Kozhikode tourists were allegedly cheated out of lakhs. According to Malayala Manorama Online News, the victims filed a complaint against DK World Go Plus for taking advance money and failing to deliver the promised trip.