TAGS

കൗമാരക്കാരനേയും പിതാവിനേയും നഗ്നരാക്കി നടത്തിയ സംഭവത്തിലെ പ്രതികളെ അര്‍ദ്ധനഗ്നരാക്കി നടത്തിച്ച് കൊല്‍ക്കത്ത പൊലീസ്. മൂന്ന് പ്രതികളെ ഷോട്സ് മാത്രം ധരിപ്പിച്ച് ബെഹലയിലെ സർസുനയിലുള്ള ഖുദിറാം പള്ളിക്ക് സമീപമാണ് നടത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൗമാരക്കാരനും അച്ഛനും നേരെ അതിക്രമമുണ്ടായത്. 

ഖാൽപർ മഠത്തിന് സമീപം വെച്ച് 17-കാരനെ തന്‍റെ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പമിരിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. 13-കാരിയെ 17–കാരന്‍ ചുംബിക്കുന്നത് കണ്ടുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. തുടർന്ന് ആണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും തടഞ്ഞുവച്ച് മര്‍ദിച്ചു. 

ശേഷം ആൺകുട്ടിയുടെ അച്ഛനെയും അവിടെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ അച്ഛനേയും ഇവര്‍ മര്‍ദിച്ചു. തുടര്‍ന്ന് തോക്കിൻമുനയിൽ നിർത്തി മൂവരെയും മർദ്ദിക്കുകയും, വസ്ത്രങ്ങൾ ഉരിഞ്ഞ് ജനത്തിരക്കുള്ള പ്രദേശത്തിലൂടെ ഏകദേശം 50 മീറ്ററോളം നഗ്നരായി നടത്തിക്കുകയും ചെയ്തു.

ആക്രമണത്തിന് ഇരയായ ആൺകുട്ടിയുടെ പിതാവ് സർസുന പൊലീസ് സ്റ്റേഷനിൽ നൽകി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയുടെ പിതാവ് പ്രദീപ് സർക്കാർ, അമ്മാവൻ രാഹുൽ ബർമൻ, സഹോദരൻ എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ വൻ പോലീസ് സന്നാഹത്തോടെ പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചു. തുടര്‍ന്നാണ് ഷോട്സ് മാത്രം ധരിപ്പിച്ച് അരയിൽ കയർ കെട്ടി പൊലീസ് ഇവരെ തെരുവിലൂടെ നടത്തിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Kolkata police forced the accused in the public stripping case of a teenager and his father to march half-naked at the crime scene. The authorities arrested three individuals after a video and complaint revealed the victims were beaten and paraded without clothes.