പഞ്ചാബില്‍ നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പട്യാല-സംഗ്രൂർ ദേശീയപാതയിൽ വച്ചാണ് 27 കാരനായ നവാബ് ഖാൻ എന്ന യുവാവിനെ വാഹനമിടിച്ചു വീഴ്ത്തിയതിന് ശേഷം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നവാബ് ഖാൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ, എതിർദിശയിൽ തെറ്റായ വശത്തുനിന്ന് അമിതവേഗതയിൽ വന്ന കറുത്ത മഹീന്ദ്ര സ്കോർപിയോ എസ്യുവി മനഃപൂർവ്വം ബൈക്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഒരു പെട്രോൾ പമ്പിന് സമീപം വച്ചാണ് സംഘം ബൈക്കില്‍ ഇടിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെ എസ്യുവിയിൽ നിന്ന് മൂന്ന് പേർ പുറത്തിറങ്ങി. റോഡിന് സമീപം വീണ ബൈക്കില്‍ നിന്നും എഴുന്നേറ്റ യുവാവിന്റെ അടുത്തേക്ക് എത്തി. രണ്ട് പേര് നവാബിനെ ബലമായി പിടിച്ചുവച്ചു. തുടര്‍ന്ന് കത്തിയുമായി വന്ന ഒരാള്‍ തുടര്‍ച്ചയായി കുത്തുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ് കിടന്ന നവാബിനെ അവർ ബലമായി കാറിന്റെ പിൻസീറ്റിലേക്ക് തള്ളിയിട്ടു. സംഭവം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 25-30 കിലോമീറ്റർ അകലെ, സംഗ്രൂർ ജില്ലയിലെ കലഝാർ ടോൾ പ്ലാസയ്ക്ക് സമീപമുള്ള റോഡില്‍ നിന്നാണ് നവാബിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയത്.
പസിയാന പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പട്യാലയിലെ രാജീന്ദ്ര ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. കാറിന്റെ റജിസ്ട്രേഷൻ നമ്പറും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് വിവിധ സ്ഥലങ്ങളിൽ വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.