ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. എട്ടുമണിക്ക് തുടങ്ങിയ പരിശോധന അഞ്ചുമണിക്കൂര് നീണ്ടു. അജിനോടും കുടുംബത്തോടും വിവരങ്ങൾ തേടിയ വിജിലന്സ് മൊബൈല് ഫോണും ബാങ്ക് രേഖകളും പരിശോധിച്ചു.
പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റര് ചെയ്തുതരാമെന്നും അതിന് 10 ലക്ഷം രൂപ കൈക്കൂലി നല്കണമെന്നും തിരുമല സ്വദേശി സഞ്ജുവിനോട് അജിന് ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ രണ്ടാം തീയതിയാണ് പുറത്തുവന്നത്. പണം തന്നില്ലെങ്കില് ഡിവൈഎഫ്ഐക്കാരെ കൊണ്ട് കൊടികുത്തുമെന്നായിരുന്നു സിപിഎം കൗണ്സിലറായ അജിന്റെ ഭീഷണി. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിജിലന്സ് നടപടി.
രാവിലെ എട്ടുമണിക്ക് അജിന്റെ തൃക്കണ്ണാപുരത്തെ വീട്ടിലെത്തിയ വിജിലന്സ് സംഘം മൊബൈല് ഫോണുകളും ബാങ്ക് രേഖകളും പരിശോധിച്ചു. അജിനോടും കുടുംബാംഗങ്ങളോടും വിവരങ്ങള് ആരാഞ്ഞു. പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വീഡിയോ എഐ ഉപയോഗിച്ച് വ്യാജമായി നിര്മിച്ചതാണെന്നുമുള്ള വാദത്തില് ഉറച്ചുനില്ക്കുകയാണ് അജിന്. കൗണ്സിലര്ക്കെതിരായ ആരോപണം ബിജെപിയും കോണ്ഗ്രസും ആയുധമാക്കിയതോടെ പ്രതിരോധത്തിലാണ് സിപിഎം.