koodathil-home

TOPICS COVERED

 തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടിലെ കൂടുതല്‍ ദുരൂഹ മരണങ്ങളിലേക്കും അന്വേഷണം. 2012 ല്‍ നടന്ന ജയപ്രകാശിന്‍റെ മരണവും കൊലപാതകമെന്ന സംശയത്തില്‍ രവീന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ജയമാധവന്‍ നായരുടെ കൊലപാതകത്തില്‍ അഞ്ച് പേരേക്കൂടി പ്രതിചേര്‍ക്കാനും അന്വേഷണസംഘം നീക്കം തുടങ്ങി.

1991നും 2017നും ഇടയില്‍ ഏഴ് മരണങ്ങള്‍. അതില്‍ ഏറ്റവും ഒടുവില്‍ നടന്ന ജയമാധവന്‍ നായരുടെ മരണമാണ് നിലവില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അന്വേഷണം അവിടം കൊണ്ട് അവസാനിക്കുന്നില്ല. ജയമാധവന് മുന്‍പ് മരിച്ച ജയപ്രകാശിന്‍റെ മരണവും കൊലപാതകമാകാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്.

2012 സെപ്തംബര്‍ 28നാണ് ജയപ്രകാശ് മരിക്കുന്നത്. ജയമാധവന്‍ മരിച്ചതിന് സമാന സാഹചര്യത്തില്‍ കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്നാണ് പറയപ്പെടുന്നത്. ആ മരണവും പുറത്തറിയിച്ചതും രവീന്ദ്രനാണ്. അതിനാലാണ് കൊലപാതക സാധ്യത സംശയിക്കുന്നത്. പക്ഷെ പോസ്റ്റുമോര്‍ട്ടം നടത്താത്തതും മൃതദേഹം ദഹിപ്പിച്ചതും അന്വേഷണത്തിന് വലിയ വെല്ലുവിളിയായി തുടരുന്നു. 

അതുകൊണ്ട് രവീന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇതിലേക്കും കൂടി ചോദ്യം ചെയ്യല്‍ നീട്ടാനാണ് തീരുമാനം. നിലവില്‍ അറസ്റ്റിലായിരിക്കുന്ന ജയമാധവന്‍റെ മരണത്തില്‍ ഇപ്പോള്‍ മൂന്ന് പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. രവീന്ദ്രന് പുറമെ സഹായികളായിരുന്ന അനിലും സാജുവും. അനിലിന്‍റെ കാറിലാണ് ജയമാധവന്‍റെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയത്. സാജുവും കൂടെയുണ്ടായിരുന്നു. അതിനാല്‍ രണ്ട് പേര്‍ക്കും കൊലയില്‍ അറിവുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ അനില്‍ മരിച്ചു, സാജു വിദേശത്താണ്. സാജുവിനെ വിദേശത്ത് നിന്നെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതുകൂടാതെ കള്ളമൊഴി പറയുകയും കൊലപാതകം മറച്ചുവെക്കുകയും ചെയ്ത വീട്ടുജോലിക്കാരിയായിരുന്ന ലീല, രവീന്ദ്രന്‍റെ സുഹൃത്തും മുന്‍ കാര്യസ്ഥനുമായിരുന്ന സഹദേവന്‍, സഹദേവന്‍റെ മരുമകന്‍ സെന്തില്‍ എന്നിവരേയും പ്രതിചേര്‍ത്തേക്കും.

Karamana Tharavadu Deaths: Police Expand Probe Into 2012 Jayaprakasan Mystery: