driver-attack

TOPICS COVERED

പത്തനംതിട്ട കോന്നി മെഡിക്കൽ കോളജ് റൂട്ടിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചു. 'മുരഹര' എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ മണികുട്ടനാണ് പ്രിയദർശിനി ബസ് ഡ്രൈവർ രാജേഷിനെ മർദിച്ചത് എന്നാണ്  പരാതി. മർദനത്തിന് പിന്നാലെ പ്രതിഷേധവുമായി കെ.എസ്.ആർ.ടി.സി; പ്രിയദർശിനി സർവീസുകൾ നിർത്തിവച്ചു.

സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ എത്തിയത്.രാവിലെ ഏഴരയോടെ കോന്നി മെഡിക്കൽ കോളജിന് സമീപമായിരുന്നു മർദനം. കോന്നിയിലേക്കുള്ള പ്രിയദർശിനി സർവീസ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് രാജേഷും 'മുരഹര' ബസിലെ കണ്ടക്ടർ മണികുട്ടനും തമ്മിൽ വാക്കേറ്റമുണ്ടായത്. പിന്നാലെ രാജേഷിനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

മർദനത്തിൽ താടിക്കും നെഞ്ചിനും പരുക്കേറ്റ രാജേഷിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റൂട്ടിലെ സമയക്രമത്തെ ചൊല്ലി കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ദീർഘനാളായി തർക്കമുണ്ട്. ഡ്രൈവറെ മർദിച്ചതിന് പിന്നാലെയാണ്  പ്രിയദർശിനി സർവീസ് നിർത്തിവച്ചത്.

മെഡിക്കൽ കോളേജിലേക്ക് എത്തുന്ന നിരവധി യാത്രക്കാരുടെ പ്രധാന ആശ്രയമാണ് പ്രിയദർശിനി. സർവീസ് നിർത്തിയതോടെ യാത്രക്കാരും ദുരിതത്തിലായി.സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പൊലീസിൽ പരാതി നൽകി.

KSRTC Priyadarshini bus driver was assaulted by a private bus conductor near Konni Medical College over a timetable dispute.: