• തിരുവനന്തപുരം കരമന കൂടത്തിൽ തറവാട്ടിലെ അവസാന അംഗമായ ജയമാധവൻ നായരെ കോടതി ജീവനക്കാരനായ രവീന്ദ്രൻ നായർ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിച്ച് പൊലീസ്.

നൂറ് കോടിക്ക് അടുത്ത് സ്വത്തുള്ള കൂടത്തില്‍ തറവാട്. തിരുവനന്തപുരത്ത് കരമനയ്ക്ക് സമീപം കാലടിയിലുള്ള ഈ തറവാട്ടില്‍ 26 വര്‍ഷത്തിനിടെ നടന്നത് ഏഴ് മരണങ്ങള്‍. കോടികളുടെ സ്വത്തിന്‍റെ ഒരേയൊരു അവകാശിയായിരുന്ന ജയമാധവന്‍ നായരും 2017 ഏപ്രില്‍ 2ന് മരിച്ചു. അതോടെ സ്വത്തുക്കളെല്ലാം കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരുടെയും ചില ബന്ധുക്കളുടെയും പേരില്‍. സിനിമാക്കഥ പോലുള്ള ഈ കഥയുടെ ക്ലൈമാക്സില്‍ കാര്യസ്ഥന്‍ കൊലപാതകിയായി. ജയമാധവനെ തലക്കടിച്ചും ശ്വാസം മുട്ടിച്ചും കൊന്നതാണെന്ന് ഒടുവില്‍ തെളിഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അതിസമര്‍ഥമായ ശാസ്ത്രീയ അന്വേഷണമാണ് വര്‍ഷങ്ങള്‍ നീണ്ട ദുരൂഹതയുടെ മറനീക്കുന്നത്. Also Read: ജയമാധവൻ നായരുടെ കൊലയ്ക്കുകാരണം രണ്ടാംവിവാഹശ്രമം; കൂടത്തിൽ തറവാട്ടിലെ ദുരൂഹതകൾക്ക് ഉത്തരം തേടി ക്രൈംബ്രാഞ്ച് 

2017 ഏപ്രില്‍ രണ്ടിനാണ് ജയമാധവന്‍ നായരുടെ മരണം പുറത്തറിയുന്നത്. കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ തന്നെയാണ് ഇക്കാര്യം പലരോടും പറഞ്ഞത്. പതിവുപോലെ രാവിലെ തറവാട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായരെ കട്ടിലില്‍ നിന്ന് വീണ് കിടക്കുന്നത് പോലെ കണ്ടെന്നും ആശുപത്രിയിലെത്തിക്കും വഴി മരിച്ചെന്നുമാണ് പറഞ്ഞിരുന്നത്. ആദ്യമൊക്കെ എല്ലാവരും ഇത് വിശ്വസിച്ചു. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും കരമന പൊലീസ് കാര്യമായി അന്വേഷിച്ചില്ല. അങ്ങിനെ ആ മരണം എല്ലാവരും മറന്നു. എന്നാല്‍ 2018ല്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ലഭിച്ച പരാതിയാണ് വിശദമായ അന്വഷണത്തിന് പ്രേരണയായത്. 

തുടക്കം വില്‍പത്രത്തിലൂടെ: കൊലപാതകത്തിലേക്കുള്ള അന്വേഷണം തുടങ്ങും മുന്‍പ് പൊലീസ് ചെയ്തത് കോടികളുടെ സ്വത്ത് രവീന്ദ്രന്‍ നായര്‍ക്ക് ഇഷ്ടദാനമായി നല്‍കിയെന്ന് പറയുന്ന വില്‍പത്രത്തിന്‍റെ ആധികാരികത പരിശോധിക്കുകയായിരുന്നു. വില്‍പത്രത്തിലുള്ള ജയമാധവന്‍ നായരുടെ ഒപ്പ് ഫൊറന്‍സിക് പരിശോധനക്ക് അയച്ചു. അത് കള്ള ഒപ്പാണെന്ന് തെളിഞ്ഞു. ഇതോടെ മരണത്തിലും ദുരൂഹതയുണ്ടാകാമെന്ന സംശയം ബലപ്പെട്ടു.

സാക്ഷി മൊഴികള്‍ പൊളിച്ച് ചോദ്യം ചെയ്യല്‍: ഏപ്രില്‍ 2ന് രാവിലെ ആറിന് കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ ജയമാധവനെ വീണ് കിടക്കുന്നത് കണ്ടെന്നും ഉടന്‍ തന്നെ വീട്ടുജോലിക്കാരിയായ ലീലയേയും മറ്റൊരു ഓട്ടോയും വിളിച്ച് മെഡിക്കല്‍ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രന്‍ പറഞ്ഞിരുന്നത്. ലീലയെ ആദ്യം ചോദ്യം ചെയ്തപ്പോളും ഇത് ആവര്‍ത്തിച്ചു. രാവിലെ 6.10ന് കൂടത്തില്‍ തറവാട്ടിലെത്തിയെന്നായിരുന്നു ലീലയുടെ മൊഴി. കുറേ ദിവസങ്ങള്‍ക്ക് ശേഷം ലീലയുടെ വീട്ടില്‍ പോയി മൊഴിയെടുത്തു. ലീലയുടെ സാധാരണ ഒരു ദിവസം എങ്ങിനെയാണെന്നായിരുന്നു ചോദ്യം ചെയ്യലിനിടയിലെ ഒരു ചോദ്യം. രാവിലെ 6ന് എണീക്കും. നടന്ന് പോയി മില്‍മ ബൂത്തില്‍ നിന്ന് പാല്‍ വാങ്ങും. തിരിച്ച് വന്ന് ചായയിട്ട് കുടിച്ച ശേഷം കുളിച്ച് ജോലിക്ക് പോകുമെന്നതാണ് പതിവ് രീതിയെന്ന് പറഞ്ഞു. ഇതോടെ മരണദിവസം 6.15ന് വീട്ടിലെത്തിയതെന്നത് തെറ്റാണെന്ന് ലീലയ്ക്ക് സമ്മതിക്കേണ്ടിവന്നു. ഇതോടെയാണ് ലീല മാത്രമല്ല, കൂട്ടുപ്രതികളായ അനിലും  സാജുവും മൃതദേഹം കൊണ്ടുപോകുന്നതിന് മുന്‍പ് തറവാട്ടിലെത്തിയെന്ന് ലീലക്ക് സമ്മതിക്കേണ്ടിവന്നു. അതോടെ രവീന്ദ്രന്‍ പറയുന്നത് പോലെ ഓട്ടോയിലല്ല ജയമാധവനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും സാജുവിന്‍റെ കാറിലാണെന്ന് വ്യക്തമായി. 

ദുരൂഹത വര്‍ധിപ്പിച്ച് രക്തക്കറ: കാര്യസ്ഥന്‍റെ മൊഴികള്‍ കള്ളമെന്ന് തെളിഞ്ഞ് തുടങ്ങിയതോടെ കൊലപാതകത്തിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. കൂടത്തില്‍ തറവാട്ടില്‍ വീണ്ടും ഫൊറന്‍സിക് സംഘം പരിശോധിച്ചു. കട്ടില്‍, തടിക്കഷ്ണം എന്നിവിടങ്ങളില്‍ നിന്ന് രക്തക്കറയുടെ സാംപിള്‍ ലഭിച്ചു. ഇത് മനുഷ്യന്‍റേതാണെന്ന് ആദ്യം ശാസ്ത്രീയമായി ഉറപ്പിച്ചു. അതിന് ശേഷം കൂടത്തില്‍ കുടുംബത്തിലെ അകന്ന ബന്ധുവിന്‍റെ രക്തസാംപിളുമായി ഡി.എന്‍.എ പരിശോധന നടത്തി. ഇതോടെ ജയമാധവന്‍ നായരുടെ പാരമ്പര്യത്തിലുള്ളതാണ് രക്തക്കറയെന്ന് സ്ഥിരീകരിച്ചു.

പരുക്കിന്‍റെ കാരണം തേടി NITയിലേക്ക്: വീട്ടില്‍ രക്തക്കറ ലഭിച്ചെങ്കിലും അത് കൊലപാതകത്തിന് തെളിവായി കാണാനാവില്ലായിരുന്നു. കാരണം കട്ടിലില്‍ നിന്ന് വീഴുമ്പോള്‍ രക്തം വന്നതാവാനും സാധ്യതയുണ്ട്. അതായിരുന്നു രവീന്ദ്രന്‍റെ വാദം. ഇതോടെ ഫൊറന്‍സിക് സര്‍ജന്‍മാരുമായി പൊലീസ് വീണ്ടും ആശയവിനിമയം നടത്തി. രവീന്ദ്രന്‍ നായരുടെ മുഖത്ത് രണ്ട് പരുക്കുകളായിരുന്നു. ഒന്ന് നെറ്റിയുടെ ഒത്ത നടുക്ക്, മൂക്കിനും നെറ്റിയ്ക്കും ഇടയിലായി ആയിരുന്നു. വീണാല്‍ ഇങ്ങിനെ ഒരു പരുക്കുണ്ടാകാനുള്ള സാധ്യതയില്ലെന്നും വിലയിരുത്തി. ഒടുവില്‍ ആ പരുക്കിന്‍റെ സ്വഭാവം അറിയാന്‍ കോഴിക്കോട് NITയിലെ അടുത്ത ശാസ്ത്രീയ പരിശോധന. അവിടത്തെ ഫൊറന്‍സിക് ബയോമെക്കാനിക്സ് വിഭാഗത്തിന്‍റെ സഹായത്തോടെ ശാസ്ത്രീയമായി ജയമാധവന്‍ നായരുടെ വീഴ്ച പുനരാവിഷ്കരിച്ചു. ഇതോടെ ആ പരുക്ക് വീഴുമ്പോളോ തള്ളിയിടുമ്പോളോ ഉണ്ടാകുന്നതല്ലെന്ന് ഉറപ്പിച്ചു. ഇതോടെ കൊലപാതകമെ്ന്നും അന്വേഷണസംഘം ഉറപ്പിച്ചു.

കാര്യസ്ഥന്‍റെ മൊഴി പൊളിക്കാന്‍ ബ്രയിന്‍ മാപ്പിങ്: ഇത്രയൊക്കെയായിട്ടും രവീന്ദ്രന്‍ നായര്‍ തന്‍റെ മൊഴി തിരുത്താന്‍ തയാറായിരുന്നില്ല. കോടതി ജീവനക്കാരന്‍ കൂടിയായ രവീന്ദ്രന്‍ അന്വേഷണത്തെ നിയമപരമായും വഴിതെറ്റിച്ചു. ഒടുവില്‍ രവീന്ദ്രന്‍റെ കള്ളമൊഴി പൊളിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധനയുടെ ഏറ്റവും പ്രധാന ആയുധം ഇറക്കി. ബ്രയിന്‍ മാപ്പിങ്. ബംഗളൂരു മഡിവാളയിലെ ലാബിലാണ് രവീന്ദ്രനെ ബ്രയിന്‍ മാപ്പിങ്ങിന് വിധേയമാക്കിയത്. കേരളത്തില്‍ നിന്ന് അവിടെ ബ്രയിന്‍ മാപ്പിങ്ങിനെത്തുന്ന രണ്ടാം കേസായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ പരിശോധനക്കിടെ രവീന്ദ്രനോട് ചോദിച്ചു. അദേഹം പറഞ്ഞ ഉത്തരങ്ങള്‍ നുണയാണെന്ന് ബ്രയിന്‍ മാപ്പിങ് പരിശോധനാഫലം

കാലം മായ്ക്കാത്ത തെളിവ് ഡിക്കിയില്‍: നിര്‍ണായക തെളിവ് അവസാനിപ്പിക്കാതെ ഒരു കുറ്റകൃത്യവുമില്ലായെന്ന് പറയുന്നത് ഇവിടെയും ശരിയായി. ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ 2019ല്‍ തന്നെ വിറ്റിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിക്ക് വിറ്റ കാര്‍ ഇപ്പോള്‍ കാസര്‍കോടാണ്. അന്വേഷണസംഘം ആ കാര്‍ കണ്ടെത്തി. പരിശോധിച്ചപ്പോള്‍ ഡിക്കിയില്‍ വെറുതേയിട്ടിരുന്ന മാറ്റിന് അടിയില്‍ നിന്ന് രക്തക്കറ ലഭിച്ചു. അത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പുരുഷന്‍റേതാണെന്ന് തെളിഞ്ഞു. ഡി.എന്‍.എ സാംപിള്‍ നടത്താന്‍ മാത്രമുള്ള അളവില്‍ ഉണ്ടായിരുന്നില്ല. എങ്കിലും മൃതദേഹം കൊണ്ടുപോയത് ഈ കാറിലാണെന്ന് തെളിയിക്കാന്‍ അത് നിര്‍ണായക തെളിവായി. ഇത്തരം ശാസ്ത്രീയ തെളിവുകള്‍ക്ക് ഒടുവിലാണ് കൊലപാതകം നടന്ന് ഒമ്പത് വര്‍ഷവും ആറ് മാസവും കഴിഞ്ഞുള്ള അറസ്റ്റ്. 

വിടാതെ പിന്തുടര്‍ന്ന് അന്വേഷണസംഘം: തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിനായിരുന്നു അന്വേഷണ ചുമതല. ആദ്യം എം.എസ്. സന്തോഷ് എന്ന എ.സി.പിയുടെ നേതൃത്വത്തിലായിരുന്നു വീട്ടിലെ പരിശോധനകളെല്ലാം. പിന്നീട് എം.കെ.സുള്‍ഫിക്കര്‍ അന്വേഷണ ചുമതല ഏറ്റെടുത്തു. അദേഹത്തിന്‍റെ സമയത്താണ് സാക്ഷിമൊഴികളിലെ നുണകളെല്ലാം പൊളിച്ചത്. കൊലപാതകമെന്ന് സ്ഥിരീകരിച്ചതും കൊലക്കുറ്റം ചുമത്തിയതും ഈ സമയത്താണ്.  പിന്നീട് അന്വേഷണം ഏറ്റെടുത്ത അനില്‍കുമാറും നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. എ.സി.പി വിജു വി നായരുടെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധനകള്‍ കൂടുതലും. കോഴിക്കോട് എന്‍.ഐ.ടിയിലെ പരിശോധനക്കും ബ്രയിന്‍ മാപ്പിങ്ങിനും കാറില്‍ നിന്ന് രക്തക്കറ കണ്ടെടുത്തതുമെല്ലാം വിജു വി നായരുടെ നേതൃത്വത്തിലായിരുന്നു. ഒടുവില്‍ എ.സി.പി M.I ഷാജിയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റിന് വഴിയൊരുക്കി. കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണയാണ് തെളിവുകള്‍ വിലയിരുത്തുകയും അറസ്റ്റിന് തീരുമാനിക്കുകയും ചെയ്തത്. 

ENGLISH SUMMARY:

The nine-year investigation into the 2017 murder of Jayamadhavan Nair at the Koodathil ancestral home in Thiruvananthapuram relied on scientific evidence to challenge estate manager Ravindran Nair’s account of the death. Investigators reportedly exposed a forged property will through forensic signature analysis, matched bloodstains found inside the house to the victim through DNA testing, and used forensic biomechanics tests at NIT Kozhikode to examine whether his injuries were consistent with an accidental fall. Brain mapping was also conducted. A major breakthrough came when bloodstains were discovered beneath the boot lining of a car traced to Kasaragod years after the murder. Together, these findings helped investigators challenge the claim that Jayamadhavan had died after falling from his bed.