AI Image
ഗുജറാത്തിലെ സൂറത്തിൽ കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തില്‍ വമ്പൻ ട്വിസ്റ്റ്. തുണിക്കടയിലെ തീപിടിത്തം വെറുമൊരു അപകടമല്ലെന്നും 10000 രൂപ ശമ്പളം നല്‍കാതിരുന്നതിന് മുൻ ജീവനക്കാരൻ നടത്തിയ പ്രതികാരമാണെന്നും പൊലീസ് കണ്ടെത്തി.
സൂറത്തിലെ ശ്യാം സങ്ഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ നടന്ന തീപിടിത്തത്തിൽ ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങളാണ് കത്തിനശിച്ചത്. ദിനം പ്രതി ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചതോടെ വ്യവസായ ദുരന്തമായാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ, സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സിനിമയെ വെല്ലുന്ന പ്രതികാര കഥയുടെ ചുരുളഴിഞ്ഞത്.
സ്ഥാപനത്തിൽ മുൻപ് അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്ന വിനോദ് പണ്ഡിറ്റ് സാവ്‌ലെ എന്നയാളാണ് തീപിടുത്തത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കടയുടെ മുതലാളി, വിനോദിന്‍റെ ശമ്പളത്തിന്‍റെ ബാക്കിയായ 10000 രൂപ കൊടുക്കാതിരിക്കുകയും ഇത് ചോദിച്ചപ്പോൾ അപമാനിക്കുകയും ചെയ്തതാണ് പ്രകോപനത്തിനു കാരണം. 150 രൂപയുടെ പെട്രോളും വാങ്ങി രാത്രി ഓഫീസിലെത്തിയ വിനോദ് കടയ്ക്കുള്ളില്‍ കടന്ന് തുണിക്കെട്ടുകള്‍ക്ക് തീയിടുകയായിരുന്നു.
സംഭവത്തിനു ശേഷം കഴിഞ്ഞ് രാജസ്ഥാനിലേക്കും തുടര്‍ന്ന് അയോധ്യയിലേക്കും ഒളിവിൽ പോയ പ്രതി സൂറത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്. 10000 തരാഞ്ഞതിന് 24 കോടിയുടെ പണി കൊടുത്ത അക്കൗണ്ടന്‍റിന്‍റെ മാസ്റ്റർ പ്ലാൻ ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചയാണ്.