ബിഹാറിലെ ജമുയിക്ക് പിന്നാലെ ഒഡീഷയിലെ ധെൻകനാൽ ജില്ലയിലും യുവദമ്പതികളെ വട്ടമിട്ടുനിന്ന് ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത് സദാചാര കൂട്ടം. ധെൻകനാലിലെ വിനോദസഞ്ചാര കേന്ദ്രമായ കപിലാഷിലേക്കുള്ള റോഡിൽ വെച്ചാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
പ്രചരിക്കുന്ന വിഡിയോയില്‍ ഒരു സംഘം ആളുകൾ ചേർന്ന് ദമ്പതികളെ വളയുകയും യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് കാണാം. കൂടെയുണ്ടായിരുന്ന യുവതിയോട് സംഘത്തിലുണ്ടായിരുന്ന ചിലർ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തു. തങ്ങളെ വെറുതെ വിടണമെന്ന് യുവതി കരഞ്ഞുപേക്ഷിച്ച് ആവർത്തിച്ച് അപേക്ഷിക്കുന്നുണ്ടെങ്കിലും അക്രമികൾ മർദ്ദനവും അതിക്രമവും തുടരുകയായിരുന്നു.
ദമ്പതികളെ തടഞ്ഞുവെച്ചതിന്റെ കാരണവും അക്രമികളും ദമ്പതികളും തമ്മിൽ മുൻപരിചയമോ തർക്കങ്ങളോ ഉണ്ടോ എന്ന കാര്യവും വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഗോണ്ടിയ ബ്ലോക്ക് ഇൻസ്‌പെക്ടർ ഇൻ-ചാർജ് (ഐ.ഐ.സി) പ്രതാപ് ദലൈ അറിയിച്ചു. അക്രമത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുൻപ് ബിഹാറിലെ ജമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും ആൺകുട്ടിക്കും നേരെ സമാനമായ രീതിയിൽ അതിക്രമം നടന്നിരുന്നു. സെപ്റ്റംബർ 19-ന് നടന്ന ആ സംഭവത്തിലും മൂന്ന് പേർ അറസ്റ്റിലാവുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) മറ്റ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നതിനിടയിലാണ് ഒഡീഷയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.